ഇസ്രായേൽ കൂട്ടക്കുരുതിക്കും ഉപരോധത്തിനും അറുതിയില്ല; ദിവസം 600 ട്രക്കുകളിൽ സഹായം എത്തിക്കണം
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ ദിവസങ്ങളായി ഗസ്സ മുനമ്പിൽ തുടരുന്ന കൂട്ടക്കുരുതിക്കും ഉപരോധത്തിനും അറുതിയില്ല. പട്ടിണിയിലായ ലക്ഷക്കണക്കിന് ഫലസ്തീനികൾക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി എത്തിയ ലോറികൾക്ക് സംരക്ഷണം നൽകിയവരെ ബോംബിട്ടു കൊലപ്പെടുത്തി. ആറ് ഫലസ്തീൻ സുരക്ഷാ ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു.
മൂന്ന് മാസമായി തുടരുന്ന ഇസ്രായേൽ ഉപരോധത്തിനിടെ യു.എൻ എത്തിച്ച മാനുഷിക സഹായത്തിന് കാവൽ നിന്നവർക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ഉപരോധം ഗസ്സയെ കൊടും പട്ടിണിയിലാക്കിയതിനെ തുടർന്ന് ബ്രിട്ടൻ അടക്കമുള്ള വിവിധ രാജ്യങ്ങൾ രംഗത്തെത്തിയതോടെയാണ് ഇസ്രായേൽ 119 സഹായ ട്രക്കുകൾക്ക് അനുമതി നൽകിയത്.
കരീം ശാലോം കവാടത്തിലൂടെയാണ് ഗസ്സയിലേക്ക് സഹായ ട്രക്കുകൾ കടത്തിവിട്ടത്. ഖാൻ യൂനിസിലെ സായുധരായ കൊള്ളക്കാരിൽനിന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് കാവൽ നിൽക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗസ്സയിലേക്ക് എത്തിച്ച മാനുഷിക സഹായം പട്ടിണിയിലായ ഫലസ്തീനികൾക്ക് തികയില്ലെന്ന് യു.എൻ അറിയിച്ചു. ദിവസം 600 ട്രക്കുകളിൽ സഹായം എത്തിച്ചാൽ മാത്രമേ ലക്ഷക്കണക്കിന് പേരെ രക്ഷിക്കാൻ കഴിയൂവെന്നും അവർ വ്യക്തമാക്കി.
അതിനിടെ, വടക്കൻ ഗസ്സയിൽ ഭവനസമുച്ചയത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 50ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി 29 കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

