'ശുഭ സൂചനകളുണ്ട്, പക്ഷെ ശുഭാപ്തി വിശ്വാസമില്ല': യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ മാർക്കോ റൂബിയോ
text_fieldsഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ ചർച്ചകളിൽ ശുഭസൂചനകളുണ്ടെങ്കിലും അമിത ശുഭാപ്തിവിശ്വാസമില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സ്വീഡനിലേക്ക് തിരിക്കുന്നതിന് മുമ്പ് ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രപ്രധാനമായ ഹുർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ ചുമത്താനുള്ള ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് റൂബിയോ വ്യക്തമാക്കി. ലോകത്ത് ആരും തന്നെ ഹോർമൂസിലെ ടോൾ സംവിധാനത്തെ അനുകൂലിക്കുന്നില്ല. അത് സംഭവിക്കാൻ പോകുന്നതുമില്ല. ഇറാൻ ഈ നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഒരു നയതന്ത്ര കരാർ സാധ്യമാവില്ല. അവരുടെ ഈ നീക്കം ലോകത്തിന് തന്നെ വലിയ ഭീഷണിയാണ്, മാത്രമല്ല ഇത് പൂർണ്ണമായും നിയമവിരുദ്ധവുമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക ചട്ടക്കൂട് രൂപീകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ സജീവമായി തുടരുകയാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ 'ഐ.എസ്.എൻ.എ' (ISNA) റിപ്പോർട്ട് ചെയ്തു. കരാറിന്റെ കരട് രൂപം തയ്യാറാക്കുന്നതിനായി ഇരുപക്ഷവും തങ്ങളുടെ നിലപാടുകൾ പരസ്പരം കൈമാറിയിട്ടുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്താൻ ഉദ്യോഗസ്ഥർ ശക്തമായ മധ്യസ്ഥശ്രമങ്ങളാണ് നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ 'അൽജസീറ'യും റിപ്പോർട്ട് ചെയ്യുന്നു.
ഹുർമൂസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന അമേരിക്കയുടെ സമ്മർദ്ദത്തിന് ഇറാൻ വഴങ്ങാതിരുന്നതോടെ ആഗോള ഊർജ്ജ വിതരണത്തിൽ വൻ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം മുതൽ യു.എസ് ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയത് സംഘർഷം കൂടുതൽ വഷളാക്കി. ഹുർമൂസിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്ന ഇറാന്റെ പ്രഖ്യാപനം ആഗോള പ്രതിസന്ധിയായി വളർന്ന സാഹചര്യത്തിലാണ്, പാകിസ്താന്റെ മുൻകൈയിലുള്ള സമാധാന നീക്കങ്ങൾ ഊർജിതമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

