അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രം -ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ഇനിമുതൽ ഔദ്യോഗിക നയമനുസരിച്ച് ആണുംപെണ്ണും മാത്രമാണുണ്ടാവുകയെന്ന് 47ാമത് അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപ്.
സത്യപ്രതിജ്ഞ ചെയ്ത ഉടനെ തന്നെ ലിംഗ വൈവിധ്യം അവസാനിപ്പിക്കുന്ന ഉത്തരവിൽ ഒപ്പിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂ, അത് ആണും പെണ്ണും മാത്രമായിരിക്കും. ട്രാൻസ്‌ജെൻഡർ സ്ത്രീകൾ കായികരംഗത്ത് പങ്കെടുക്കുന്നതിനെതിരെ നിരവധി റിപ്പബ്ലിക്കൻമാർ ട്രാൻസ്‌ജെൻഡർ നിയമങ്ങൾ മാറ്റാൻ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നീക്കം നടത്തിയിരുന്നു.
‘എല്ലാ പുരുഷന്മാരെയും സ്ത്രീകളുടെ കായികരംഗത്ത് നിന്ന് മാറ്റിനിർത്താൻ’ നടപടിയെടുക്കുമെന്ന് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള ഉദ്ഘാടന റാലിയിൽ ട്രംപ് പറഞ്ഞിരുന്നു. അധികാരത്തിന്റെ ആദ്യ നാളുകളിൽതന്നെ ട്രാൻസ്ജെൻഡർ നയം ഉടച്ചു വാർക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
അമേരിക്കൻ പ്രസിഡൻറായ ആദ്യ ടേമിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ട്രാൻസ്‌ജെൻഡർ സൈനികർക്ക് ട്രംപ് നിരോധനം പ്രഖ്യാപിക്കുകയും അവരുടെ റിക്രൂട്ട്‌മെൻ്റ് നിർത്തിവെക്കുകയും ചെയ്തിരുന്നു. 2021ൽ അധികാരമേറ്റ ശേഷം ജോ ബൈഡനാണ് ഈ നയം മാറ്റിയത്. എന്നാൽ വൻ കമ്പനികളായ ആപ്പിൾ, കോസ്റ്റോ തുടങ്ങിയവ ലിംഗ വൈവിധ്യത്തോടുള്ള പ്രതിബദ്ധത നിലനിർത്തുന്നതിൽ ഉറച്ചുനിൽക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.