ഒരു വീടിന്റെ വലിപ്പം! ലോകത്തെ ഏറ്റവും വലിയ ചിലന്തി വല കണ്ടെത്തി ശാസ്ത്രജ്ഞർ, നിർമിച്ചത് ലക്ഷത്തിലേറെ ചിലന്തികൾ...
text_fieldsഒരു ചിലന്തി വലയ്ക്ക് പരമാവധി എത്ര വലിപ്പമുണ്ടാകും? ഊഹങ്ങളെയൊക്കെ തകർത്തുകളയുന്ന ഭീമൻ ചിലന്തിവല കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഒരു ശരാശരി വീടിന്റെ വലിപ്പമാണ് ഈ ചിലന്തി വലയ്ക്കുള്ളത്! ഗ്രീസിനും അൽബേനിയക്കും ഇടയിലുള്ള സൾഫർ നിറഞ്ഞ ഗുഹക്കുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ ചിലന്തിവല കണ്ടെത്തിയത്. 1,140 ചതുരശ്ര അടി വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വല നിർമിച്ചത് ഏകദേശം 111,000 ചിലന്തികൾ ചേർന്നാണ്.
ഗുഹയുടെ ഇടുങ്ങിയ വഴികളിലെ ചുവരുകളും മേൽക്കൂരയും മൂടുന്ന തരത്തിലാണ് വല കണ്ടെടുത്തത്. ഇത്തരത്തിൽ മൂടിക്കിടക്കുന്ന ഭീമൻ വലയെ ‘സ്പൈഡർ മെഗാസിറ്റി’ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രധാനമായും രണ്ട് തരം ചിലന്തി വർഗങ്ങൾ കൂടിച്ചേർന്നാണിത് നിർമിച്ചത്. സാധാരണ ചിലന്തിയായ ഹൗസ് സ്പൈഡറും (ടെജെനാരിയ ഡൊമെസ്റ്റിക്ക), ഷീറ്റ്-വീവർ സ്പൈഡറും (പ്രിനെറിഗോൺ വാഗൻസ്) ചേർന്നാണ് ഭീമൻ ചിലന്തിവല ഉണ്ടാക്കിയത്. പൊതുവെ ഇരു വർഗങ്ങളെയും സാധാരണയായി ഒറ്റക്കാണ് കാണപ്പെടാറ്. എന്നാൽ, സൾഫർ നിറഞ്ഞ് ഇരുണ്ട ഗുഹക്കുള്ളിൽ ഇവർ ഒരുമിച്ച് താമസിക്കാനും വേട്ടയാടാനും പഠിച്ചുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
സൾഫർ ഗുഹയിലെ വ്യത്യസ്തമായ ആവാസവ്യവസ്ഥയാണ് ഇത്തരത്തിലുള്ള കൂറ്റൻ വലയുടെ പിന്നിലെ രഹസ്യം. സൂര്യപ്രകാശത്തിനുപകരം ഇവയുടെ ജീവൻ നിലനിർത്തുന്നത് ബാക്ടീരിയകളും സൾഫർ നീരുറവകളുമാണ്. ഇവയാണ് ചിലന്തികളുടെ പ്രധാന ഭക്ഷണ സ്രോതസ്സ്. വേട്ടക്കാരില്ലാതെ, പ്രാണികളുടെ സംഘങ്ങളില്ലാതെ, ഐക്യത്തോടെ നിലനിൽക്കുന്ന ചിലന്തികളുടെ വലകൾ പരന്ന പാളികളുള്ള ഘടനയിലാണ് കാണപ്പെടുന്നത്.
ചിലന്തിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ദീർഘകാല അനുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തലുകളെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചിലന്തികൾ സാധാരണയായി ഒറ്റയ്ക്ക് വേട്ടയാടുന്നവയാണ്. എന്നാൽ, ശരിയായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ അവക്ക് സാമൂഹിക പ്രവണതകൾ പ്രകടിപ്പിക്കാനും സഹകരണ വലകൾ പോലും രൂപീകരിക്കാനും കഴിയുമെന്നാണ് പുതിയ കണ്ടെത്തലുകൾ കാണിക്കുന്നത്.
ഗുഹയിൽ വസിക്കുന്ന ഇത്തരം ചിലന്തികൾ അവയുടെ മുൻഗാമികളിൽ നിന്ന് പതുക്കെ അകന്നു മാറിക്കൊണ്ടിരിക്കുകയാണെന്ന് ജനിതക പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ കണ്ടെത്തൽ ജീവശാസ്ത്രജ്ഞരെ ആകർഷിക്കുക മാത്രമല്ല, ഭൂമിയിൽ ജീവിതം സാധ്യമല്ലാത്ത കോണുകളിൽ ഇവർ എങ്ങനെയാണ് പൊരുത്തപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

