ഇറാന്റെ ജയം ലോകം അംഗീകരിച്ചു; യു.എസ് വെറുക്കപ്പെട്ടു -പെസഷ്കിയാൻ
text_fields- തെഹ്റാൻ: യു.എസ് പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധ ഭീഷണിക്കിടെ അമേരിക്കയെ കൂടുതൽ പ്രകോപിപ്പിച്ചുകൊണ്ട് ഇറാൻ. മാസങ്ങൾ നീണ്ട യുദ്ധത്തിൽ ഇറാന്റെ വിജയം ലോകം അംഗീകരിച്ചതായി പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക ഉപരോധ ഭീഷണികൾക്കും, ജൂലാൻ കുന്നുകളുമായി ബന്ധപ്പെട്ട് അമേരിക്കൻ നയത്തിന് വിരുദ്ധമായി തുർക്കിയയിലെ യു.എസ് സ്ഥാനപതി നടത്തിയ പരാമർശങ്ങൾക്കുമിടയിലാണ് സംഘർഷത്തിന്റെ ഗതിമാറ്റുന്ന പ്രസ്താവനയുമായി ഇറാൻ പ്രസിഡന്റ് രംഗത്തുവരുന്നത്. ‘‘ഇറാന്റെ വിജയം ലോകം ഇതിനകം അംഗീകരിച്ചുകഴിഞ്ഞു. നമ്മുടെ സ്കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ച അമേരിക്ക വെറുക്കപ്പെട്ടതായി മാറി. ശക്തിയും അഭിമാനവും നിലനിർത്തുന്ന ഈ സമയത്തുതന്നെ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്’’ -മസ്ഊദ് പെസഷ്കിയാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിനിടെയായിരുന്നു അമേരിക്കൻ നയങ്ങളെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി തുർക്കിയയിലെ യു.എസ് അംബാഡഡർ ടോം ബരാക് രംഗത്തുവന്നത്. ജൂലാൻ കുന്നുകൾ ഐക്യരാഷ്ട്ര സഭ പ്രമേയങ്ങൾക്ക് വിരുദ്ധമായി ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുകയാണ് എന്നായിരുന്നു ടോം ബരാകിന്റെ പരാമർശങ്ങൾ.
അമേരിക്കയുടെ പ്രഖ്യാപിത വിദേശ നയത്തിന് വിരുദ്ധമാണ് ഈ നിലപാട്. 1967ലെ യുദ്ധത്തോടെ ഇസ്രായേൽ കൈയടക്കിയ ജൂലാൻ കുന്നുകളിൽനിന്ന് സൈന്യം പിൻവാങ്ങണമെന്ന യു.എൻ പ്രമേയം നിലനിൽക്കെ, 2019ലെ ഡോണൾഡ് ട്രംപ് ഭരണകൂടമാണ് ഇസ്രായേൽ പരമാധികാരത്തിന് ആദ്യമായി അംഗീകാരം നൽകിയത്. ഇതിനു വിരുദ്ധമായാണ് ടോം ബരാകിന്റെ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത്. അതേസമയം, ബരാകിനെതിരെ ട്രംപ് അനുയായിയായ ലോറ ലൂമർ ഉൾപ്പെടെ രംഗത്തെത്തി. അമേരിക്കൻ വിദേശകാര്യ നയങ്ങളെക്കുറിച്ച് ധാരണയില്ലാത്തവർ സ്ഥാനം രാജിവെക്കണമെന്ന് ‘എക്സി’ൽ കുറിച്ചു.
ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാൻ ഫ്രാൻസും സൗദിയും ഉൾപ്പെടെ രാജ്യങ്ങൾ സ്വന്തം പദ്ധതികളുമായി മുന്നോട്ട് പോകുന്നതും യു.എസിനെ പ്രകോപിപ്പിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക വിജയമാണ് ഇത് സൂചന നൽകുന്നതെന്നും വിശദീകരിക്കുന്നു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ നിശ്ചലമായതിനു പിന്നാലെയാണ് ‘ഇക്കണോമിക് ഡി ഡേ’ എന്നു വിശേഷിപ്പിച്ച പുതിയ ഉപരോധവുമായി ട്രംപ് രംഗത്തു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

