നെതന്യാഹുവിനെ സമ്മർദത്തിലാക്കി വീണ്ടും ബന്ദികളുടെ വിഡിയോ; ഇസ്രായേലിൽ ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായി
text_fieldsബന്ദി മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ സർക്കാറിനെതിരെ തെൽ അവീവിൽ നടന്ന പ്രകടനം
ഗസ്സ: ഇസ്രായേൽ ഭരണകൂടത്തെ സമ്മർദത്തിലാക്കി രണ്ട് ബന്ദികളുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഒക്ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ കെയ്ത് സീഗെൽ (64), ഒംരി മിറാൻ (46) എന്നിവരാണ് മൂന്നുമിനിറ്റുള്ള വിഡിയോയിൽ ഹീബ്രു ഭാഷയിൽ സംസാരിക്കുന്നത്. ബോംബുകൾക്കിടയിൽ ബുദ്ധിമുട്ടിയാണ് തങ്ങൾ കഴിയുന്നതെന്നും ബന്ദി മോചനത്തിന് കരാറിലെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഇതിനായി നാട്ടുകാരും ബന്ധുക്കളും സമ്മർദം ശക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. 202 ദിവസമായി തങ്ങൾ ബുദ്ധിമുട്ടി കഴിയുകയാണെന്നും താൻ തടവിലാണെന്നും മിറാൻ പറയുന്നു. പാസ് ഓവർ അവധി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിയാത്തതിലെ വിഷമം സീഗെലും പങ്കുവെക്കുന്നു. അതുകൊണ്ടു തന്നെ വിഡിയോ സമീപ ദിവസങ്ങളിൽ എടുത്തതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം നെതന്യാഹുവിനെ രൂക്ഷമായി വിമർശിക്കുന്ന മറ്റൊരു ബന്ദിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു.
ഹെർഷ് ഗോൾഡ്ബെർഗ് പോളിൻ (23) ആണ് തങ്ങളെ മോചിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ പ്രധാനമന്ത്രി രാജിവെച്ച് വീട്ടിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘‘ഇസ്രായേൽ ഭരണകൂടം ഞങ്ങളെ കൈവിട്ടുവെന്നാണ് തോന്നുന്നത്. നിങ്ങൾ കുടുംബത്തോടൊപ്പം വിരുന്ന് നടത്തുമ്പോൾ, വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ലാതെ ഭൂഗർഭ നരകത്തിൽ ബന്ദികളായി കഴിയുന്ന ഞങ്ങളെക്കുറിച്ച് ചിന്തിക്കണം. 200 ദിവസമായി ഞങ്ങളെ ഉപേക്ഷിച്ചതിന് സ്വയം ലജ്ജിക്കണം’’ എന്നിങ്ങനെ രൂക്ഷമായ ഭാഷയിലായിരുന്നു ഗോൾഡ്ബെർഗിന്റെ പ്രതികരണം.
ബന്ദികളുടെ വിഡിയോ പുറത്തുവന്നത് ഇസ്രായേലിൽ ഭരണകൂടത്തിനെതിരായ സമരം ശക്തമാകാൻ കാരണമായി. രാജ്യത്തെ വിവിധ നഗരങ്ങളിൽ ശനിയാഴ്ച പതിനായിരങ്ങൾ പ്രതിഷേധത്തിനായി ഒത്തുകൂടി. യുദ്ധം അവസാനിപ്പിച്ച് ബന്ദി മോചനത്തിന് ഹമാസുമായി ധാരണയിലെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ 250ലേറെ പേരിൽ 70ഓളം പേർ ഗസ്സയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നുപേരെ ഇസ്രായേൽ സൈന്യം അബദ്ധത്തിൽ വെടിവെച്ചും കൊലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

