കാനഡയുമായുള്ള സൈനിക സഹകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക
text_fieldsപീറ്റ് ഹെഗ്സെത്ത്
വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ മുൻഗണനകൾക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുനഃക്രമീകരിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ച രഹസ്യ മെമ്മോയിലൂടെയാണ് ഹെഗ്സെത്ത് ഈ നിർദേശം പുറപ്പെടുവിച്ചത്.
'അമേരിക്കയുടെ പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കാനഡയുമായുള്ള ഇടപെടലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ പ്രതിരോധ വകുപ്പ് സ്വീകരിച്ചുവരികയാണ്,' പെന്റഗൺ വക്താവ് സീൻ പാർനെൽ പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾക്ക് മുൻഗണന നൽകുകയാണെന്നും അതേസമയം നാറ്റോയിലെ അംഗമെന്ന നിലയിൽ കാനഡയുടെ ബാധ്യതകൾ നിറവേറ്റാനുള്ള ശേഷിയെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ ലാറ്റിനമേരിക്കയിലെ മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ട്രംപ് ഭരണകൂടം സൈനിക, നയതന്ത്ര തലങ്ങളിൽ വലിയ തോതിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്. നാറ്റോ സഖ്യകക്ഷികൾ പ്രതിരോധ ചെലവുകൾ വേണ്ടത്ര വർധിപ്പിക്കുന്നില്ലെന്ന വിമർശനവും ഭരണകൂടം തുടർച്ചയായി ഉന്നയിച്ചുവരുന്നു.
വടക്കേ അമേരിക്കൻ വ്യോമാതിർത്തി നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും കാനഡയുടെയും സംയുക്ത പ്രതിരോധ സംവിധാനമാണ് നൊറാഡ് (NORAD). ഈ നിർദേശം പ്രതിരോധ രഹസ്യാന്വേഷണ സഹകരണത്തെയോ, ഇരു രാജ്യങ്ങളുടെയും സംയുക്തമായ നൊറാഡ് കമാൻഡിനെയോ, നാറ്റോ വഴിയുള്ള സഹകരണത്തെയോ ബാധിക്കില്ല.
ദീർഘകാല സഖ്യകക്ഷികളായ അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കണമെന്ന നിർദേശം പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആവർത്തിച്ച് മുന്നോട്ടുവെച്ചിരുന്നു.
കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ട്രംപ് തീരുവ ഏർപ്പെടുത്തുകയും കാനഡയുടെ പ്രതിരോധ ചെലവുകളെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കണമെന്ന നിർദേശത്തെ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായി തള്ളിക്കളഞ്ഞിട്ടുണ്ട്. കാനഡയും അമേരിക്കയും ദീർഘകാലമായി പ്രതിരോധ മേഖലയിൽ സഹകരിക്കുന്ന രാജ്യങ്ങളാണെന്നും, വടക്കേ അമേരിക്കയുടെ സംയുക്ത സുരക്ഷ ഉറപ്പാക്കുന്നതിലും ആഗോള സുരക്ഷാ ചുമതലകളിലും ഈ സഹകരണം തുടരുകയാണെന്നും കാനഡയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

