ഗസ്സയിൽ യു.എൻ അഭയാർഥി ഏജൻസിയെയും തകർക്കണം; ഇസ്രായേൽ ലക്ഷ്യം കാണുന്നു
text_fieldsലണ്ടൻ: ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും എല്ലാ വഴികളും ഇസ്രായേൽ അടച്ചുകളഞ്ഞപ്പോഴും ഫലസ്തീനികൾക്ക് ആശ്വാസത്തുരുത്തായിരുന്നു യു.എൻ അഭയാർഥി ഏജൻസി. ലോകം മുഴുക്കെ 59 ലക്ഷം അഭയാർഥികൾക്ക് അന്നം നൽകുന്ന ഏജൻസി ഫലസ്തീനിൽ മാത്രം 20 ലക്ഷത്തോളം പേരുടെ ഏക ആശ്രയമാണ്. 13,000 ജീവനക്കാർ ഏജൻസിക്ക് കീഴിൽ ഗസ്സയിലുണ്ട്. ഇവരിൽ 13 പേർ ഹമാസ് ആക്രമണത്തിൽ പങ്കാളിയായെന്ന ആരോപണം ഇസ്രായേൽ ഉയർത്തിയപ്പോഴേക്ക് സാമ്പത്തിക സഹായം നൽകുന്ന യു.എസിന്റെ നേതൃത്വത്തിൽ 13 രാജ്യങ്ങൾ ഇതിനകം പിൻവാങ്ങി. അതോടെ, സാമ്പത്തിക വഴികളടഞ്ഞ് ഭക്ഷണവും മരുന്നുമടക്കം എത്തിക്കുന്നത് അവസാനിപ്പിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് യു.എൻ ഏജൻസി.
1948ൽ ഇസ്രായേൽ അധിനിവേശത്തിനുപിറകെ ഇവിടെ പ്രവർത്തിച്ചുതുടങ്ങിയ ഏജൻസിയെ പൂർണമായി നാടുകടത്തണമെന്ന ഇസ്രായേൽ ലക്ഷ്യമാണ് പതിയെ സഫലമാകുന്നത്. 1948ൽ മാത്രം ഏഴു ലക്ഷത്തിലേറെ ഫലസ്തീനികൾക്കാണ് കിടപ്പാടം നഷ്ടമായിരുന്നത്. അവരെ അന്നമൂട്ടി തുടങ്ങിയ സംവിധാനം ഗസ്സയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാണ്. അവരെയാണ് ആരോപണ മുനയിൽ നിർത്തി ഇല്ലാതാക്കുന്നത്. കഴിഞ്ഞവർഷം 160 കോടി ഡോളറായിരുന്നു ഏജൻസിയുടെ ബജറ്റ്. 11 ഭക്ഷ്യവിതരണ കേന്ദ്രങ്ങളാണ് ഗസ്സയിൽ ഇതിനു കീഴിലുള്ളത്. നിരവധി സ്കൂളുകളും പ്രവർത്തിക്കുന്നു.
ഇവ അടഞ്ഞുകിടക്കുകയാണെങ്കിലും വീടുകളിലേറെയും ബോംബുവർഷത്തിൽ തകർത്തതോടെ താമസകേന്ദ്രങ്ങളായി തുടരുകയാണ്. നേരത്തേ, ട്രംപ് അധികാരത്തിലായിരുന്നപ്പോൾ ഇസ്രായേൽ ആവശ്യം മുൻനിർത്തി ഏജൻസിക്ക് ഫണ്ടിങ് നിർത്തിയിരുന്നു. ഗസ്സയിൽ ഹമാസിനെ ഇല്ലാതാക്കി പൂർണ അധികാരം പിടിച്ചാൽ ഏജൻസിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിക്കഴിഞ്ഞു.ഗസ്സയിൽ 20 ലക്ഷത്തിലേറെ ജനസംഖ്യയിൽ 16 ലക്ഷവും അഭയാർഥികളാണെന്നാണ് യു.എൻ ഏജൻസി കണക്കുകൾ.
ഡ്രോൺ ആക്രമണം: ഇറാനെതിരെ യുദ്ധത്തിനില്ലെന്ന് യു.എസ്
വാഷിങ്ടൺ: ജോർഡനിലെ യു.എസ് താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെതിരെ യുദ്ധത്തിനില്ലെന്ന് യു.എസ്. എന്നാൽ, സ്വയംപ്രതിരോധത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധി ജോൺ കിർബി പറഞ്ഞു. ജോർഡനിലെ ടവർ 22 യു.എസ് സൈനിക താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെടുകയും 30ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ അനുകൂല മിലീഷ്യ ഏറ്റെടുത്തിരുന്നു. ഇറാനെതിരെ യുദ്ധം നയിക്കണമെന്ന ആവശ്യവുമായി യു.എസിലെ റിപ്പബ്ലിക്കന്മാർ രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതികരണം.
‘‘മറ്റൊരു യുദ്ധംകൂടി യു.എസ് ആഗ്രഹിക്കുന്നില്ല. പ്രശ്നം വഷളാകാനും ഉദ്ദേശിക്കുന്നില്ല. ഈ ആക്രമണങ്ങൾക്കെതിരെ മതിയായ തിരിച്ചടിയുണ്ടാകും’’ -കിർബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

