ഐക്യപ്പെടലിന്റെ ആർദ്ര സ്വരം
text_fieldsക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വലിയ ദു:ഖം ഉളവാക്കിയാണ് ഫ്രാൻസിസ് മാർപാപ്പ യാത്രപറയുന്നത്. വലിയ ഇടയനെ നഷ്ടമായ കത്തോലിക്കസഭയുടെ വേദനയിൽ പങ്കുചേരുന്നു. മാർപാപ്പയുമായി 2023ൽ നടത്തിയ കൂടിക്കാഴ്ചയാണ് ഈ സന്ദർഭത്തിൽ ആദ്യം ഓർക്കുന്നത്. അന്ന് അദ്ദേഹം എന്നെ വിളിച്ചത് ‘പ്രിയപ്പെട്ടവനെന്നും, ദീർഘകാലമായി കാത്തിരുന്ന സഹോദരനെ’ന്നുമാണ്. അന്നുണ്ടായത് വീട്ടിലേതുപോലുള്ള സ്നേഹാശ്ലേഷത്തിന്റെ ഊഷ്മള അനുഭവമാണ്.
അന്ന്, രണ്ടാം വത്തിക്കാൻ കൗൺസിലോടെ ആരംഭിച്ച സഭാ ഐക്യത്തെക്കുറിച്ച് പറഞ്ഞ പാപ്പ ബസേലിയോസ് ഔഗൻ ഒന്നാമനും വിശുദ്ധപോൾ ആറാമനുമായുള്ള കൂടിക്കാഴ്ചയും മാർത്തോമ മാത്യൂസ് ഒന്നാമനും വിശുദ്ധ ജോൺപോൾ രണ്ടാമനുമായുള്ള കൂടിക്കാഴ്ചയും പരാമർശിച്ചു.
ആ വേളയിൽ പാപ്പ പറഞ്ഞ വാചകങ്ങൾ ഇന്നും മനസ്സിലുണ്ട്: ‘ക്രിസ്തുവിന്റെ ശരീരത്തിന്റെ മുറിവുകളെക്കുറിച്ചുള്ള അനുഭവത്തിൽനിന്ന് വിശുദ്ധ തോമസിന്റെ വിശ്വാസം വേർതിരിക്കാനാകാത്തതായിരുന്നു. ചരിത്രത്തിലുടനീളം ക്രിസ്ത്യാനികളായ നമുക്കിടയിൽ സംഭവിച്ചിട്ടുള്ള വിഭജനങ്ങൾ ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ഏൽപിച്ച വേദനജനകമായ മുറിവുകളാണ്.’
അഭിവന്ദ്യ പാപ്പയെ ഓർമയിൽ അനശ്വരനാക്കി നിർത്തുന്നതിന് കാരണമായ പലതിൽ ഏറ്റവും പ്രധാനം ഇങ്ങനെ ക്രൈസ്തവ ഐക്യത്തിനായി അദ്ദേഹം നടത്തിയ സ്നേഹദൗത്യങ്ങളാണ്. എപ്പോഴും അങ്ങനെയൊരു ഐക്യപ്പെടലിന്റെ സന്ദേശവാഹകനായിരുന്നു പാപ്പ. ക്രൈസ്തവ സഹോദരങ്ങളുടെ ഒരുമയെ പ്രകീർത്തിച്ചാണ് സദാ സംസാരിച്ചിരുന്നതും.
ഈ വർഷം ഫെബ്രുവരിയിൽ, ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത് കത്തോലിക്ക-പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാസംഗമത്തെക്കുറിച്ചും ഓർത്തുപോകുന്നു. അതിൽ പങ്കുചേരാനെത്തിയവരെ സ്വീകരിക്കവേ മാർപാപ്പ പ്രധാനമായും പറഞ്ഞത് ഐക്യത്തിന്റെ പ്രാധാന്യമാണ്.
അര്‍മീനിയന്‍, കോപ്റ്റിക്, ഇത്യോപ്യന്‍, എരിത്രിയൻ തുടങ്ങിയ സഭകളിൽ നിന്നുള്ളവർക്കൊപ്പം മലങ്കരസഭയിൽ നിന്നുള്ള യുവവൈദികരും സന്യസ്തരും സംഗമത്തിൽ പങ്കെടുത്തിരുന്നു. അന്നത്തെ മാർപാപ്പയുടെ പ്രഭാഷണം മലങ്കര ഓർത്തഡോക്സ് സഭ അഭിമാനത്തോടെ സ്മരിക്കുന്നു. അര്‍മീനിയന്‍ സഭയിലും മലങ്കര ഓര്‍ത്തഡോക്സ് സഭയിലും നടന്ന സമാനമായ പഠന സന്ദര്‍ശന സംഗമങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
പ്രഥമ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ സുന്നഹദോസിന്റെ 1700ാം വാര്‍ഷികം ആചരിക്കപ്പെടുന്ന അവസരത്തിലായിരുന്നു ആ സംഗമം. നിഖ്യയുടെ വാർഷികം നമ്മൾ ഒരുമിച്ച് ആഘോഷിക്കുമെന്ന് പാപ്പ 2023ലെ കൂടിക്കാഴ്ചയിൽ പറഞ്ഞത് സത്യമായി ഭവിക്കുകയായിരുന്നു. ക്രിസ്തു അലിവിന്റെ ആൾരൂപമാണ്.
മനുഷ്യസ്നേഹം എന്ന വാക്കിന്റെ എക്കാലത്തെയും വലിയ സ്വരൂപവും. ക്രിസ്തു ജീവിതംകൊണ്ട് പഠിപ്പിച്ച മനുഷ്യപ്പറ്റിന്റെ നീരുറവകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു കത്തോലിക്കസഭയുടെ നാഥൻ എന്ന നിലയിലുള്ള മാർപാപ്പയുടെ സഞ്ചാരം. മനുഷ്യസ്നേഹിയായ മാർപാപ്പക്ക് അതുകൊണ്ടുതന്നെ മനസ്സുകളിൽ മരണവുമില്ല.
ക്രൈസ്തവസഭകളുടെ കൈവഴികളിലെ തേജസ്സാർന്ന നേതൃമുഖങ്ങളിലൊന്നാണ് മാർപാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ ദർശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാവുക തന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

