ജോലിയുടെ ആദ്യ ദിനം സെയിൽസ് മാനേജർ മോഷ്ടിച്ചത് 53 ഐഫോണുകൾ
text_fieldsമോസ്‌കോ: ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം തന്നെ 53 ഐഫോണുകൾ മോഷ്ടിച്ച് റഷ്യൻ സെയിൽസ് മാനേജർ. കസ്റ്റഡിയിലായ 44കാരന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മോസ്കോയിലെ ഒരു ഇലക്ട്രോണിക്സ് സ്റ്റോറിൽ പ്രതി കൊള്ളയടിക്കുന്നതും ചെറിയ സ്യൂട്ട്കേസിലും ബാഗുകളിലുമായി ഐഫോൺ നിറക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ക്ലീനിങ് മോപ്പ് ഉപയോഗിച്ച് കാമറയുടെ ദിശ മാറ്റാൻ ശ്രമിച്ച ഇയാൾ പുതിയ ഐഫോണുകൾ മാത്രമല്ല, 53,000 റൂബിൾസും (47,351 രൂപ) എടുത്താണ് കടന്നുകളഞ്ഞത്.
ഇലക്ട്രോണിക്സ് സ്റ്റോറിൽ സെയിൽസ് മാനേജരായി ജോലി ഉറപ്പിക്കാൻ പ്രതി വ്യാജ രേഖകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കടയുടെ ഒരു സെറ്റ് താക്കോൽ കൈവശം ഉണ്ടായിരുന്ന ഇയാൾ മോഷണ ദിവസം നേരത്തെ വന്ന് വിലപിടിപ്പുള്ള സാധനങ്ങൾ ബാഗിലാക്കി നഗരം വിടുകയായിരുന്നു.
മോഷ്ടിച്ച സാധനങ്ങളുമായി സെവാസ്റ്റോപോളിലെ വീട്ടിലേക്ക് പോയ പ്രതിയെ അവിടെവെച്ച് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ഫോണുകളിൽ ചിലത് പൊലീസ് കണ്ടെടുത്തു. ഡസൻ കണക്കിന് ഐഫോണുകൾ വിറ്റ് പോയിട്ടുണ്ടെന്നും മോഷണത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

