ഫ്രാങ്കന്‍സ്റ്റൈന്‍ പ്രൊജക്ട് ഇറ്റ്‌ഫോക്കിലെ ഉദ്ഘാടന നാടകം
text_fieldsതൃശൂർ: മലയാളികള്‍ക്ക് ഏറെ സുപരിചിത കഥാപാത്രമാണ് വിഖ്യാത എഴുത്തുകാരി മേരി ഷെല്ലിയുടെ ഡോ. വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍. ആ കഥാപാത്രം ഇറ്റ്‌ഫോക്കിന്റെ അരങ്ങില്‍ എത്തുന്നു. കേരള സംഗീത നാടക അക്കാദമി അന്താരാഷ്ട്ര നാടകോത്സവത്തിലെ ഉദ്ഘാടന നാടകമായ ഫ്രാങ്കന്‍സ്റ്റൈന്‍ പ്രൊജക്ടിലെ കേന്ദ്രകഥാപാത്രമായാണ് ഡോ.വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ ഇറ്റ്‌ഫോക് അരങ്ങില്‍ എത്തുന്നത്. ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ഇറ്റ്‌ഫോക്കിലെ ഉദ്ഘാടന നാടകമായ ഫ്രാങ്കന്‍സ്റ്റൈന്‍ പ്രൊജക്ട് രൂപകല്പന ചെയ്തത്.
അര്‍ജന്റീനിയയില്‍ നിന്നുള്ള ലൂസിയാനോ മന്‍സൂര്‍ എന്ന നാടകസംഘമാണ് നാടകം അവതരിപ്പിക്കുന്നത്. ഇറ്റ്‌ഫോക്കിന്റെ ഒന്നാംദിനമായ 25ന് ഉച്ചക്ക് മൂന്നുമണിക്കും രണ്ടാംദിനമായ 26ന് രാവിലെ 9.30 നും ഉച്ചക്ക് മൂന്നുമണിക്കുമാണ് അക്കാദമിയിലെ ബ്ലാക്ക് ബോക്‌സില്‍ നാടകം അരങ്ങേറുന്നത്. നാടകത്തിന്റെ മുഴുവന്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച് ആദ്യമണിക്കൂറില്‍ തന്നെ വിറ്റുപ്പോയി. ഈ നാടകത്തിന്റെ ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ നാടകം അരങ്ങേറുന്ന ദിവസം രാവിലെ ഒന്‍പത് മണിക്കും നാടകം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പും അക്കാദമി കാമ്പസിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും വാങ്ങാന്‍ കഴിയും.
ദൃശ്യാനുഭവം:
നോവലിന്റെ കഥയിലേക്ക് പപ്പറ്റ് തിയേറ്റിന്റെ ഘടകങ്ങള്‍ കൂടി സന്നിവേശിപ്പിച്ചാണ് ഫ്രാങ്കന്‍സ്റ്റൈന്‍ പ്രൊജക്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോവലിലെ കഥയെ അര്‍ജന്റീനന്‍ സാംസ്‌കാരിക ഭൂമികയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം ചെയ്യുന്ന ഈ നാടകം നിരവധി മിത്തുകളുകളിലേക്കുള്ള മിഴിതുറക്കല്‍ കൂടിയാണ്. പ്രധാനമായും മുതിര്‍ന്നവര്‍ക്ക് വേണ്ടിയാണ് പപ്പറ്റ് പ്ലേ ഒരുക്കിയിരിക്കുന്നത്. ശവശരീരങ്ങളില്‍ നിന്നുള്ള ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച രാക്ഷസനെ പുനരുജ്ജീവിപ്പിക്കാനായി ഡോ.വിക്ടര്‍ ഫ്രാങ്കന്‍സ്റ്റെന്‍ പേഗന്‍ കള്‍ട്ടുകളിലേക്ക് വഴിമാറി നടക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവ പരമ്പരയിലേക്കാണ് നാടകം കാണികളെ ആനയിക്കുന്നത് .
60 മിനുട്ട് ദൈര്‍ഘ്യമുള്ള സ്പാനിഷ് നാടകമായ ഫ്രാങ്കന്‍സ്റ്റൈന്‍ പ്രൊജക്ട് മികച്ച ദൃശ്യാനുഭവം കൂടിയാണ്. റോമാന്‍ ലമാസ് ആണ് നാടകത്തിന്റെ സംവിധായകന്‍. ലൂസിയാനോ മന്‍സൂര്‍ ആണ് ഡോ.വിക്ടര്‍ ഫ്രാങ്കന്‍സ്റ്റെന്‍ ആയി അരങ്ങില്‍ നിറഞ്ഞാടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

