'ഇത് ടൈറ്റാനിക് 2.0'; മഞ്ഞുപാളിയിൽ ഇടിച്ച് നോർവെയുടെ ക്രൂയിസ് കപ്പൽ; വിഡിയോ
text_fieldsകടലിലെ കൂറ്റൻ മഞ്ഞുപാളിയിൽ ഇടിച്ച് നോർവെയുടെ ക്രൂയിസ് കപ്പൽ. ഒമ്പതു രാത്രികൾ നീണ്ട യാത്രയുടെ ഭാഗമായി അലാസ്കയിലെ ഹബ്ബാർഡ് ഗ്ലേസിയർ എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് പുറപ്പെട്ട കപ്പലാണ് മഞ്ഞുമലയിൽ ഇടിച്ചത്.
യാത്രക്കാരിലൊരാൾ കപ്പൽ മഞ്ഞുമലയിൽ ഇടിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇത് ടെറ്റാനിക് 2.0 എന്ന് യാത്രക്കാരിലൊരാൾ വിളിച്ചുപറയുന്നതും വിഡിയോയിൽ കേൾക്കാം. ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന് നിർമാതാക്കൾ വാനോളം വാഴ്ത്തിയ റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക് അപകടത്തെ ഓർമിച്ചായിരുന്നു യാത്രക്കാരന്‍റെ കമന്‍റ്.
കപ്പൽ മഞ്ഞുപാളിയിൽ ഇടിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാനാകും. പിന്നാലെ യാത്ര റദ്ദാക്കി സുരക്ഷ പരിശോധനകൾക്കായി കപ്പൽ അടിയന്തരമായി അലാസ്കൻ തലസ്ഥാനമായ ജുന്യൂവിലെ തുറമുഖത്ത് എത്തിച്ചു. കോസ്റ്റ് ഗാർഡ് ജീവനക്കാരും മുങ്ങൽ വിദഗ്ധരും നടത്തിയ പരിശോധനയിൽ വലത് മുൻഭാഗത്ത് കേടുപാടുകൾ കണ്ടെത്തി. കപ്പൽ അറ്റകുറ്റപ്പണികൾക്കായി സ്വന്തം തുറമുഖമായ സിയാറ്റിലിലേക്ക് കൊണ്ടുപോകാനും അനുമതി നൽകി.
യാത്രക്കാർക്ക് ആർക്കും പരിക്കില്ല. 1912 ഏപ്രിൽ 10നാണ് ടൈറ്റാനിക് സമാനരീതിയിൽ അറ്റ്ലാന്‍റിക്കിലെ മഞ്ഞുപാളിയിൽ ഇടിച്ച് തകരുന്നത്. മഞ്ഞുപാളികളിൽ തട്ടി കപ്പലിന്‍റെ അടിഭാഗത്ത് വിള്ളൽ വീണതോടെ വെള്ളം നിറഞ്ഞു. രണ്ടു മണിക്കൂറും 40 മിനിറ്റും കൊണ്ട് കപ്പൽ കടലിൽ താഴ്ന്നു. ആയിരത്തിലധികം പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

