കഫിയ പുതപ്പിച്ച ഉണ്ണിയേശു, പാപ്പയുടെ ഫലസ്തീൻ ഐക്യദാർഢ്യം
text_fieldsഇസ്രായേലിന്റെ ക്രൂരമായ അധിനിവേശത്തിൽ ദുരിതത്തിലായ ഫലസ്തീനികളുടെ അവകാശങ്ങളോട് ഉറക്കെ ഐക്യദാർഢ്യം പ്രഖ്യാപിച്ച മഹാനാണ് പോപ് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാൻ സിറ്റിയിൽ പൂൽക്കൂട്ടിൽ കഫിയയിൽ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ രൂപം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മാർപ്പാപ്പ ഫലസ്തീനിലെ സമാധാനത്തിനായി സംസാരിച്ചത്.
‘നേറ്റിവിറ്റി ഓഫ് ബെത്ലഹേം 2024’ന്റെ ഉദ്ഘാടന ചടങ്ങിൽ ഫലസ്തീനിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. ഒലിവ് മരങ്ങളിൽ തീർത്ത പുൽക്കൂട്ടിലാണ് വെള്ളവസ്ത്രങ്ങൾക്കുപകരം ഉണ്ണിയേശുവിനെ കഫിയയിൽ കിടത്തിയത്. ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ് കഫിയ. ‘യുദ്ധങ്ങളും ആക്രമണവും മതി’എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഗസ്സയിൽ വെടിനിർത്തലിന് പലവട്ടം അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധമല്ലെന്നും ക്രൂരതയാണെന്നും അദ്ദേഹം 2024ലെ വാർഷിക ക്രിസ്മസ് പ്രഭാഷണത്തിൽ പറഞ്ഞു. ‘‘ഗസ്സയിൽ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാൻ വേദനയോടെ ഓർക്കുന്നു... കുട്ടികളെ യന്ത്രത്തോക്കുകളാൽ കൊല്ലുന്നു. സ്കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു.
എന്തൊരു ക്രൂരതയാണിത്. ഇത് ചെയ്യുന്നത് ഏത് രാജ്യമായിരുന്നാലും അത് അധാർമികമാണ്. എന്റെ ഹൃദയത്തെ സ്പർശിച്ചതിനാലാണ് ഞാനിത് തുറന്നുപറയാൻ ആഗ്രഹിച്ചത്”. വത്തിക്കാനിലെ വിവിധ വകുപ്പുകളെ നയിക്കുന്ന കത്തോലിക്കാ കർദിനാൾമാരോട് സംസാരിക്കവെ മാർപാപ്പ പറഞ്ഞു. മാർപ്പാപ്പക്കെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പരസ്യമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

