യൂനിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സഹായം തേടി അന്വേഷണ സംഘം
text_fieldsയൂൻ സുക് യോൽ
സോൾ: പട്ടാള നിയമം പ്രഖ്യാപിച്ചതിനെത്തുടർന്ന് അന്വേഷണം നേരിടുന്ന ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂൻ സുക് യോലിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന്റെ സഹായം തേടി അന്വേഷണ ഉദ്യോഗസ്ഥർ. യൂനിനെ അറസ്റ്റ് ചെയ്യാനുള്ള വാറൻറിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് പൊലീസുമായി അന്വേഷണ സംഘം ചർച്ച ചെയ്തത്. പുതിയ അറസ്റ്റ് വാറന്റിനായി അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോളിലെ പടിഞ്ഞാറൻ ജില്ല കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിസമ്മതിച്ചതോടെയായിരുന്നു കോടതി ഉത്തരവ്. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുക്കാൻ യൂനിന്റെ വസതിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ സുരക്ഷാസംഘം തടയുകയായിരുന്നു. രാജ്യത്ത് കലാപമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചതെന്ന കേസിലാണ് അഴിമതി വിരുദ്ധ ഏജൻസി അന്വേഷണം നടത്തുന്നത്.

