വെടിയൊച്ച നിലച്ചു, തിരിച്ചുവരവ്
text_fieldsഗസ്സ സിറ്റി: 732 ദിവസങ്ങൾക്കുശേഷം ഗസ്സയിൽ ആദ്യമായി വെടിയൊച്ച ഒഴിഞ്ഞതോടെ, ആഭ്യന്തര പലായനത്തിനിരയായവരുടെ മടക്കയാത്ര ആരംഭിച്ചു. ഈജിപ്തിലെ ശറമുശ്ശൈഖിൽ മൂന്ന് ദിവസമായി നടന്ന ഇസ്രായേൽ-ഹമാസ് ചർച്ചയെ തുടർന്ന് വ്യാഴാഴ്ചയാണ് ആദ്യഘട്ട സമാധാന കരാറിലെത്തിയത്. വെടിനിർത്തൽ വെള്ളിയാഴ്ച ഉച്ചക്ക് പ്രാബല്യത്തിൽ വന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചതോടെ, ദക്ഷിണ ഗസ്സയിലെ താൽക്കാലിക ടെന്റുകളിലും മറ്റും മാസങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്ന ഫലസ്തീനികൾ ജന്മഭൂമിയിലേക്ക് മടങ്ങിത്തുടങ്ങി. വടക്കൻ ഗസ്സയിലേക്ക് ആളുകൾ കൂട്ടത്തോടെ നടന്നുപോകുന്ന ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടു. കരാറിന്റെ ഭാഗമായുള്ള ബന്ദിമോചനവും അടുത്ത മണിക്കൂറുകളിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
ഹമാസ് ബന്ദികളാക്കിയ 20 ഇസ്രായേൽ പൗരന്മാരെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കും. ശേഷം, ദീർഘകാലമായി ഇസ്രായേൽ തടവറയിലുള്ള 250 ഫലസ്തീനികളെയും വിട്ടുനൽകും. ഇവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ മർവാൻ ബർഗൂതി ഉൾപ്പെടെയുള്ള നേതാക്കൾ ഉൾപ്പെട്ടിട്ടില്ല. ഗസ്സയിൽ ഇസ്രായേൽ സൈന്യം പിടികൂടി തടവിലാക്കിയ 1700 പേരെയും കരാറിന്റെ ഭാഗമായി മോചിപ്പിക്കും.
വ്യാഴാഴ്ച രാത്രിയാണ് ഇസ്രായേൽ കാബിനറ്റ് കരാറിന് അന്തിമ അനുമതി നൽകിയത്. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിക്കുകയുംചെയ്തു. തുടർന്നാണ്, അഭയാർഥികൾ മടക്കയാത്ര ആരംഭിച്ചത്. അതേസമയം, മേഖലയിൽ ഇപ്പോഴും ഇസ്രായേൽ സൈന്യം റോന്തു ചുറ്റുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ കാബിനറ്റ് നടക്കുമ്പോഴും ഗസ്സയിൽ വ്യോമാക്രമണം നടന്നിരുന്നു. വ്യാഴാഴ്ച ഗസ്സയിൽ 11 മരണമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കരാറിനെയും ബന്ദിമോചനത്തെയും ഇസ്രായേലിന്റെ വിജയമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ചർച്ചക്ക് മുൻകൈയെടുത്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി പറഞ്ഞു. കരാറിന്റെ ഭാഗമായി റഫയടക്കം ഗസ്സയുടെ അഞ്ച് അതിർത്തികൾ ഉടൻ തുറക്കും. അതോടെ, മേഖലയിലേക്ക് കൂടുതൽ സഹായവസ്തുക്കൾ എത്തിക്കാനാകുമെന്നും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

