ഗസ്സ വംശഹത്യ: കഴിഞ്ഞ ഒരുവർഷത്തെ പ്രധാന സംഭവങ്ങൾ
text_fields2024 ഒക്ടോബർ 6
ദെയ്ർ അൽ ബലാഗിലെ ശുഹദാ അൽഅഖ്സ പള്ളിക്കുനേരെ വ്യോമാക്രമണം- 26 മരണം, 93 പേർക്ക് പരിക്ക്.
ഒക്ടോബർ എട്ട്
ജബലിയ അഭയാർഥി ക്യാമ്പിന് നേർക്കുള്ള സൈനിക നടപടി തുടങ്ങി. ഒക്ടോബർ മുഴുവൻ ഇത് തുടർന്നു. പിന്നീട് പല മാസങ്ങളിലും പലതവണ ആക്രമണങ്ങൾ: നൂറുകണക്കിന് മരണം.
ഒക്ടോബർ 16
റഫയിലെ തൽഅൽ സുൽത്താനിൽ വെച്ച് ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു.
നവംബർ 2
ജബലിയയിലെ ആക്രമണങ്ങളിൽ 50 ലേറെ കുട്ടികൾ കൊല്ലപ്പെട്ടു.
നവംബർ 24
നൂറുകണക്കിന് ഗസ്സക്കാർക്ക് ആലംബമായിരുന്ന ‘ഗസ്സ സൂപ്പ് കിച്ചൻ’ ഭക്ഷണ കേന്ദ്രത്തിന്‍റെ മേധാവി മഹ്മൂദ് അൽമദ്ഹൂനിനെ ഇസ്രായേൽ വധിച്ചു.
ഡിസംബർ 13
ഗസ്സയിലെ പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. സഈദ് ജൂദെ ഇസ്രായേലി ടാങ്ക് വെടിവെപ്പിൽ കൊല്ലപ്പെട്ടു.
ഡിസംബർ 26
കമാൽ അദ്വാൻ ആശുപത്രിക്ക് സമീപം ആക്രമണം: 50 മരണം; അഞ്ചു ആശുപത്രി ജീവനക്കാരും. പിന്നാലെ ഹോസ്പിറ്റൽ ഡയറക്ടർ ഹുസ്സം അബു സഫിയയെ അറസ്റ്റ് ചെയ്തു. ആശുപത്രി പ്രവർത്തനം നിലച്ചു.
2025 ജനുവരി 15
രണ്ടാം വെടിനിർത്തൽ കരാറിന് ധാരണ.
ജനുവരി 19
വെടിനിർത്തൽ പ്രാബല്യത്തിൽ.
ജനുവരി 27
സിവിലിയൻ യാത്രക്ക് ഇസ്രായേൽ അനുമതി നൽകിയതിനെ തുടർന്ന് ആയിരക്കണക്കിന് ഗസ്സക്കാർ വടക്കൻ ഗസ്സയിലേക്ക്.
ജനുവരി, ഫെബ്രുവരി, മാർച്ച്
മാസങ്ങളിൽ അനിശ്ചിതത്വം നിറഞ്ഞ
വെടിനിർത്തൽ കരാർ തുടരുന്നു.
പലതവണ കരാർ തകരുന്നതിന്‍റെ
വക്കിൽ.
മാർച്ച് 1
വെടിനിർത്തൽ കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ചുകൊണ്ട് ഗസ്സക്കുനേരെ ഇസ്രായേൽ ആക്രമണം: 400 മരണം.
മാർച്ച് 19
ദെയ്ർ അൽ ബലാഗിലെ യു.എൻ കെട്ടിടത്തിൽ ബോംബാക്രമണം: ഒരു യു.എൻ ഉദ്യോഗസ്ഥനും ആറ് അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരും കൊല്ലപ്പെട്ടു.
മാർച്ച് 23
ദുരിതാശ്വാസ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും യു.എൻ വാഹനത്തിനും നേരെ ആക്രമണം. 15 ആരോഗ്യ പ്രവർത്തകർ മരിച്ചു.
ഏപ്രിൽ 9
ശുജാഇയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് ബോംബിട്ടു. 35 മരണം, 75 പേർക്ക് പരിക്ക്.
ഏപ്രിൽ 13
അൽ അഹ്ലി ആശുപത്രിക്കുനേരെ രണ്ടു മിസൈലുകൾ പ്രയോഗിച്ചു. ആശുപത്രി പ്രവർത്തനം നിർത്തിവെച്ചു.
മേയ് 8
ഗസ്സ സിറ്റിയിൽ പ്രവർത്തിച്ചിരുന്ന അവസാന റസ്റ്റാറന്‍റിൽ മിസൈൽ ആക്രമണം: 33 മരണം.
മേയ് 13
ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിൽ യഹ്യ സിന്‍വറിന്‍റെ സഹോദരൻ മുഹമ്മദ് സിന്‍വറും ഹമാസ് നേതാവ് മുഹമ്മദ് ഷബാനയും കൊല്ലപ്പെട്ടു.
മേയ് 15
ഗസ്സയിലെങ്ങും വ്യാപക ആക്രമണം; ഒറ്റ ദിവസം 143 മരണം. വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും രക്തരൂഷിതമായ ദിനം
മേയ് 16
ഗസ്സ മുഴുവൻ കീഴടക്കാനുള്ള ഐ.ഡി.എഫിന്‍റെ പുതിയ ഓപറേഷൻ ‘ഗിഡിയോൺസ് ചാരിയറ്റ്സ്’ പ്രഖ്യാപിക്കപ്പെട്ടു. ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം. സഖ്യരാഷ്ട്രങ്ങൾ വരെ വിമർശനവുമായി രംഗത്ത്.
മേയ് 25
ഗസ്സ സിറ്റിയിലെ ദറാജിൽ ആക്രമണം: 36 മരണം; 18 കുട്ടികൾ, ആറു വനിതകൾ. 55 പേർക്ക് പരിക്ക്.
മേയ് 27
യു.എസ് ആഭിമുഖ്യത്തിലുള്ള നിഗൂഢ സന്നദ്ധസംഘടനയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) തെൽ അൽ സുൽത്താനിൽ പ്രവർത്തനം തുടങ്ങി. വിശന്നുവലഞ്ഞ് ജി.എച്ച്.എഫ് കേന്ദ്രങ്ങളിലേക്ക് ഭക്ഷണത്തിനെത്തിയ മനുഷ്യർക്കുമേൽ ഐ.ഡി.എഫ് ആക്രമണം പിന്നീട് പതിവ് വാർത്തയായി. മനുഷ്യരെ പട്ടിണിക്കിട്ട്, പിന്നീട് ഭക്ഷണം നൽകി ആകർഷിക്കുകയും അവിടെ വെച്ച് വെടിവെച്ചുകൊല്ലുകയും ചെയ്യുന്ന രീതിയാണ് നടപ്പാകുന്നതെന്ന് വ്യാപക ആക്ഷേപമുയർന്നു. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം ഭക്ഷണത്തിനെത്തിയ 1,300 പേരാണ് കൊല്ലപ്പെട്ടത്.
ജൂൺ 30
ഗസ്സ സിറ്റിയിലെ അൽ ബഖ കഫ്റ്റീരിയയിൽ വൻ ആക്രമണം. 41 മരണം. പ്രശസ്ത ഫോട്ടോഗ്രാഫർ ഇസ്മയിൽ അബുഹത്താബ് ഉൾപ്പെടെ ഇവിടെ കൊല്ലപ്പെട്ടു.
ആഗസ്റ്റ് 10
അൽശിഫ ആശുപത്രിക്ക് പുറത്തെ മാധ്യമപ്രവർത്തകരുടെ ടെന്‍റിൽ ബോംബിട്ടു. ആറു അൽജസീറ ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടു. ആകെ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം ഇതോടെ 192 ആയി.
ആഗസ്റ്റ് 25
തെക്കൻ ഗസ്സയിലെ നാസർ ഹോസ്പിറ്റലിൽ ഇരട്ട ആക്രമണം (ടബിൾ ടാപ് സ്ട്രൈക്ക്). 22 പേർക്ക് ജീവഹാനി. ആദ്യ ആക്രമണമറിഞ്ഞ് റിപ്പോർട്ടിങ്ങിനെത്തിയ അഞ്ചു മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.
സെപ്റ്റംബർ 5-8
ഗസ്സ സിറ്റിയിലെ നാലു ബഹുനില മന്ദിരങ്ങൾ ബോംബിട്ടു തകർത്തു. നിരവധി മരണം.
ഇസ്രയേൽ - ഇറാൻ യുദ്ധം
2025 ജൂൺ 13 ന് ഏകപക്ഷീയമായി ഇസ്രയേൽ ഇറാനെ ആക്രമിച്ചു. 12 ദിവസം നീണ്ട യുദ്ധത്തിൽ ഇറാനിയൻ സൈനിക, രാഷ്ട്രീയ, ശാസ്ത്ര മേഖലകളിലെ നിരവധി പേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 31 മരണം. ഇറാനിൽ 1,060 മരണം. യു.എസ് സഹായത്തോടെ ഇറാന്‍റെ ആണവ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിച്ചു.
ഇസ്രായേലിന്റെ ഖത്തർ ആക്രമണം
ലോകത്തെ ഞെട്ടിച്ചുകൊണ്ട് സെപ്റ്റംബർ ഒമ്പതിന് ഖത്തറിന് നേർക്ക് ഇസ്രയേലിന്‍റെ ആക്രമണം. വെടിനിർത്തൽ കരാർ ചർച്ച ചെയ്യാനായി ഒത്തുകൂടിയ ഹമാസ് നേതാക്കളെ ഉന്നം വെച്ചായിരുന്നു മിസൈൽ പ്രയോഗം. ആക്രമണം പരാജയപ്പെട്ടെങ്കിലും ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

