നാലു വർഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഇസ്രായേൽ
text_fieldsപാർലമെന്റ് തെരഞ്ഞെടുപ്പിൽ ജറൂസലമിൽ വോട്ടു രേഖപ്പെടുത്താനെത്തുന്ന മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
ജറൂസലം: നാലു വർഷത്തിനിടെ, അഞ്ചാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി ഇസ്രായേൽ. മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. നിലവിൽ പ്രതിപക്ഷ നേതാവായ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതു സഖ്യത്തിന് വോട്ടുചെയ്യണോ അതോ ഭരണത്തിലുള്ള വലത്-ഇടത്-മധ്യ കക്ഷികളുടെ സഖ്യത്തിനെ പിന്തുണക്കണോ എന്നതാണ് വോട്ടർമാരുടെ മുന്നിലെ തെരഞ്ഞെടുപ്പ് സാധ്യത.
ഇരു മുന്നണികൾക്കും 120 അംഗ പാർലമെന്റിൽ കൃത്യമായ ഭൂരിപക്ഷമുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ, 2023 ആദ്യം വീണ്ടും വോട്ടെടുപ്പ് വേണ്ടിവരും. അതുവരെ മധ്യകക്ഷിയുടെ നേതാവായ യെയ്ർ ലാപിഡ് ഇടക്കാല പ്രധാനമന്ത്രിയായി തുടരേണ്ട അവസ്ഥയുണ്ടാകും. നിലവിൽ അഴിമതി കേസിൽ വിചാരണ നേരിടുകയാണ് നെതന്യാഹു. വിചാരണ പൂർത്തിയാകും വരെ നെതന്യാഹു അധികാരത്തിനായി ശ്രമിക്കരുതെന്നാണ് എതിർപക്ഷത്തിന്റെ വാദം. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്ന് നെതന്യാഹു പക്ഷം പറയുന്നു.
കുട്ടികളെ കണക്കും ഇംഗ്ലിഷും പഠിപ്പിക്കുന്നതുപോലും എതിർക്കുന്ന തീവ്ര യാഥാസ്ഥിതിക വിഭാഗം ഉൾപ്പെടുന്നതാണ് നെതന്യാഹുവിന്റെ സഖ്യം. ഇസ്രായേലിലെ അറബ് ന്യൂനപക്ഷത്തിനെതിരെ വംശീയ നിലപാട് സ്വീകരിക്കുന്ന തീവ്ര വലതുവിഭാഗക്കാരായ കുടിയേറ്റക്കാരും ഈ മുന്നണിയിലാണ്.
നെതന്യാഹു വീണ്ടും വരുന്നത് ഇസ്രായേലിന്റെ ജൂതസ്വത്വം പൊലിപ്പിക്കാൻ സഹായിക്കുമെന്നാണ് ഇവർ കരുതുന്നത്. എന്നാൽ, നെതന്യാഹു മടങ്ങിവരുന്നത് ജൂതർക്കും അറബ് സമൂഹത്തിനും ഒത്തുപോകാനാകാത്ത അവസ്ഥയുണ്ടാക്കുമെന്നാണ് മറുപക്ഷം പറയുന്നത്. ചൊവ്വാഴ്ച ഉച്ചവരെ 28.4 ശതമാനമായിരുന്നു പോളിങ്. പാർലമെന്റിലെത്താൻ പാർട്ടികൾ 3.25 ശതമാനം വോട്ടുനേടണം.
മുഖ്യധാര പാർട്ടികൾ അരികുവത്കരിക്കുകയും അറബ് രാഷ്ട്രീയക്കാർക്കിടയിലെ ചേരിതിരിവിൽ മനംമടുക്കുകയും ചെയ്ത അറബ് വോട്ടർമാർ പോളിങ്ങിനോട് മുഖംതിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ, മൻസൂർ അബ്ബാസ് എന്ന ദന്തഡോക്ടറുടെ നേതൃത്വത്തിലുള്ള അറബ് പാർട്ടിക്ക് നിശ്ചിത ശതമാനം വോട്ടു കിട്ടാത്ത അവസ്ഥയുണ്ടാകും. ഇത് അവരുടെ പാർലമെന്റ് പ്രവേശനം അസാധ്യമാക്കുകയുംചെയ്യും.
ജനം വോട്ടുചെയ്ത് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അഭ്യർഥിച്ചു.
പോളിങ് ബൂത്തുകൾ പ്രാദേശിക സമയം രാവിലെ ഏഴുമണിക്ക് തുറന്നു. രാത്രി പത്തുമണിക്ക് വോട്ടെടുപ്പ് പൂർത്തിയായി. ഫലം ബുധനാഴ്ചയേ പുറത്തുവരൂ. സർക്കാർ രൂപവത്കരണം ആഴ്ചകൾ നീളുന്ന പ്രക്രിയയാകും. 67 ലക്ഷത്തോളമാണ് വോട്ടർമാർ.
പ്രധാനമന്ത്രി യെയ്ർ ലാപിഡ് തെൽ അവീവിൽ വീടിനു സമീപമുള്ള പോളിങ് സ്റ്റേഷനിൽ ഭാര്യക്കൊപ്പമെത്തി വോട്ടുചെയ്തു. നെതന്യാഹു ഭാര്യ സാറക്കൊപ്പമാണ് ജറൂസലമിൽ വോട്ടുചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

