ഉരുക്കുവനിതയുടെ മഹാവീഴ്ച; കുരുങ്ങിയത് ഹസീന മുൻപ് സ്ഥാപിച്ച ട്രൈബ്യൂണലിൽ
text_fieldsന്യൂഡൽഹി: രണ്ടു പതിറ്റാണ്ടുകാലം ബംഗ്ലാദേശ് രാഷ്ട്രീയം അടക്കിഭരിച്ച, ലോകത്ത് ഏറ്റവും ദീർഘകാലം ഭരിച്ച വനിത പ്രധാനമന്ത്രിയായ ഉരുക്കുവനിതയാണ് ഒടുവിൽ വധശിക്ഷ വിധിക്ക് മുന്നിൽ നിൽക്കുന്നത്. എതിരാളികളെ വിചാരണ ചെയ്ത് പരമാവധി ശിക്ഷ നൽകാൻ താൻ സൃഷ്ടിച്ച കോടതി ഒടുവിൽ തനിക്കുതന്നെ മരണക്കെണിയൊരുക്കുമെന്ന് അവർ സ്വപ്നത്തിൽപോലും കരുതിക്കാണില്ല.
രാജ്യത്തിന് വികസനത്തിന്റെ വഴികാട്ടിയ, ആധുനികതയുടെ ഊടുംപാവും നൽകിയ ബംഗ്ലാദേശിന്റെ ശിൽപിയായി ഒരുവിഭാഗം ഈ 77കാരിയെ കാണുമ്പോൾ തെരുവിന്റെ വിലാപങ്ങൾ കേൾക്കാനാകാത്തവിധം അധികാരം മത്തുപിടിപ്പിച്ച ഏകാധിപതിയാണ് ശൈഖ് ഹസീനയെന്ന് മറുപക്ഷം ആരോപിക്കുന്നു.
1947 സെപ്റ്റംബർ 28ന് അന്നത്തെ കിഴക്കൻ പാകിസ്താനിലെ തുംഗിപാരയിലാണ് ജനനം. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാനാണ് പിതാവ്. ധാക്ക സർവകലാശാലയിൽ ബംഗാളി സാഹിത്യം പ്രധാന വിഷയമായെടുത്ത് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശൈഖ് ഹസീന വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് രാജ്യത്തിന്റെ അധികാര വഴികളിലേക്ക് ആദ്യ ചുവടുവെക്കുന്നത്. 1968ൽ ആണവ ശാസ്ത്രജ്ഞൻ എം.എ. വാസിദ് മിയാഹുമായി വിവാഹം. 2009ൽ അദ്ദേഹം വിടവാങ്ങുംവരെ മുഖ്യധാര രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. 1975ലെ പട്ടാള അട്ടിമറിയിൽ പിതാവും മാതാവും മൂന്ന് സഹോദരങ്ങളുമടക്കം കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടതാണ് രാഷ്ട്രീയത്തിൽ വഴിത്തിരിവായത്. വിദേശത്തായതിനാൽ ശൈഖ് ഹസീനക്കൊപ്പം ഇളയ സഹോദരി രിഹാനയും മാത്രമാണ് അന്ന് ബാക്കിയായത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ശൈഖ് ഹസീനക്ക് ഇന്ത്യയിൽ അഭയം നൽകി. ആറു വർഷം കഴിഞ്ഞ് 1981ൽ ബംഗ്ലാദേശിൽ മടങ്ങിയെത്തിയ അവർ അവാമി ലീഗ് ജനറൽ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലിറങ്ങി.
കൊല്ലപ്പെട്ട മറ്റൊരു പ്രസിഡന്റ് സിയാഉ റഹ്മാന്റെ മകൾ ഖാലിദ സിയയും മുൻനിരയിൽ അങ്കത്തിനുണ്ടായിരുന്നതിനാൽ പിന്നീടുള്ള പതിറ്റാണ്ടുകൾ ഇവർ തമ്മിൽ അധികാരം പങ്കിടുന്നതായി കാഴ്ച. 1996ലാണ് ആദ്യമായി ശൈഖ് ഹസീന പ്രധാനമന്ത്രിയാകുന്നത്. 2001ൽ ഭരണം നഷ്ടമായെങ്കിലും 2008ൽ വീണ്ടും വൻഭൂരിപക്ഷത്തിൽ അധികാരം തിരിച്ചുപിടിച്ചു. 2014ൽ സിയയുടെ കക്ഷിയായ ബി.എൻ.പി തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കുക കൂടി ചെയ്തതോടെ തുടച്ചയായ ഭരണകാലമായി. രാജ്യം സാമ്പത്തിക വളർച്ചയും പദ്മ പാലമടക്കം അടിസ്ഥാന സൗകര്യ വികസനവും അടയാളപ്പെട്ട നാളുകളായിരുന്നു ഈ വർഷങ്ങൾ. പട്ടിണി നിരക്കും കുറഞ്ഞുവന്നു. ആഗോള വസ്ത്രനിർമാണ ആസ്ഥാനമായും ഈയിടെ ബംഗ്ലാദേശ് വളർന്നു.
എന്നാൽ, ഇതിനൊപ്പം എതിർപ്പുകൾ അടിച്ചമർത്തിയും പ്രതിപക്ഷ നേതാക്കളെ കൂട്ടമായി ജയിലിലടച്ചും മാധ്യമങ്ങൾക്ക് മൂക്കുകയറിട്ടും സുരക്ഷ സേനകളെ തെരുവിൽ അഴിഞ്ഞാടാൻ അനുവദിച്ചത് പതിയെ രൂപപ്പെട്ടുവന്ന പ്രതിഷേധത്തിന് തീവ്രതകൂട്ടി. തന്റെ പാർട്ടിക്കാർക്ക് കൂടുതൽ അധികാരവും തൊഴിലും ഉറപ്പുനൽകിയുള്ള ഭരണ പരിഷ്‍കാരങ്ങൾ കൂടിയായതോടെ 2024 ജൂലൈ പകുതിയോടെ വിദ്യാർഥികളുടെ നേതൃത്വത്തിൽ തെരുവുകൾ നിറഞ്ഞു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പുറത്താക്കപ്പെട്ട ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടി. മുൻ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാർ ചുമതലയിലുമെത്തി. യുദ്ധക്കുറ്റവാളികളെ കുരുക്കാൻ ശൈഖ് ഹസീന മുമ്പ് സ്ഥാപിച്ച അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലാണ് അവർക്കുതന്നെ മരണമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

