ഒറ്റക്കുട്ടി നയം നിർത്തലാക്കിയിട്ടും രക്ഷയില്ല, ജനസംഖ്യ വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ചൈനീസ് സർക്കാർ
text_fieldsബീജിങ്: ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ചൈനീസ് സർക്കാർ. പതിറ്റാണ്ടുകളായി തുടർന്നുവന്നിരുന്ന ഒറ്റക്കുട്ടിനയം ജനനനിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ ചൈന നിർത്തലാക്കിയിരുന്നു. എന്നിട്ടും ജനസംഖ്യയിൽ വലിയ പുരോഗതി കാണാനില്ലാത്തതിനാലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
കുട്ടികളെ വളർത്താൻ രക്ഷിതാക്കൾക്ക് ധനസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് രാജ്യം. കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകൾ, ജോലിയിലെ അനിശ്ചിതത്വം എന്നിവ ചൈനീസ് യുവജനതയെ വിവാഹം കഴിക്കുന്നതിൽ നിന്നും കുടുംബം തുടങ്ങുന്നതിൽ നിന്നും തടയുന്നുവെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് പുതിയ നയ പ്രഖ്യാപനം.
ഓരോ കുട്ടിക്കും 3600 യുവാൻ അതായത് 43,500 രൂപ വീതം വാർഷിക ധനസഹായമായി നൽകുന്നതാണ് പദ്ധതി. കുട്ടിക്ക് മൂന്നുവയസ് തികയുംവരെ ഈ സഹായം രക്ഷിതാക്കൾക്ക് ലഭിക്കും. പുതിയ പദ്ധതി ഏകദേശം 20 ദശലക്ഷം രക്ഷിതാക്കൾക്ക് ഗുണം ചെയ്യും.തിങ്കളാഴ്ചയാണ് ചൈനീസ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.
ജനനനിരക്ക് വർധിപ്പിക്കുന്നതിനുള്ളപുതിയ ശ്രമം മുൻകാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2022നും 2024നും ഇടയിൽ ജനിച്ച കുട്ടികളുള്ള രക്ഷിതാക്കൾക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം.
ചൈനീസ് പാർലമെന്റിന്റെ വാർഷിക യോഗത്തിൽ ജനനനിരക്ക് വർധിപ്പിക്കുന്നതിനായി ചൈൽഡ്കെയർ സബ്‌സിഡിയും സൗജന്യ പ്രീസ്‌കൂൾ വിദ്യാഭ്യാസവും പ്രധാനമന്ത്രി ലി ക്വിയാങ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

