Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ പതനത്തിന്...

അമേരിക്കൻ പതനത്തിന് ആക്കം കൂടുന്നു

text_fields
bookmark_border
അമേരിക്കൻ പതനത്തിന് ആക്കം കൂടുന്നു
cancel
camera_alt

ഇറാനിലെ യു.എസ്- ഇസ്രായേൽ ബോംബിങ്ങിനെതിരെ ലണ്ടനിൽ നടന്ന റാലി

രണ്ട് പതിറ്റാണ്ടിലേറെയായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഒരു ലക്ഷ്യത്തിന് പിന്നാലെയായിരുന്നു. ആദ്യമദ്ദേഹം അതേക്കുറിച്ച് മുന്നറിയിപ്പ് നൽകി, അതിനായി ലോബിയിങ്ങ് നടത്തി, വാഷിംഗ്ടൺ മുതൽ ഐക്യരാഷ്ട്രസഭ വരെയുള്ള വേദികളിൽ അത് നാടകീയമായി അവതരിപ്പിച്ചു. ഒഴിവാക്കാനാവാത്തതെന്ന് അദ്ദേഹം ദീർഘകാലമായി വാദിച്ച ആ യുദ്ധം- ഇറാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഇപ്പോൾ വന്നെത്തിയിരിക്കുന്നു. ഇത് ഇസ്രായേൽ തനിച്ച് നടത്തുന്നതല്ല, മറിച്ച് അമേരിക്കയുടെ പൂർണ്ണ സൈനിക കരുത്ത് ഉപയോഗിച്ചുള്ള ഒന്നാണ്. ഒരു പരിമിതമായ ആക്രമണമോ വെറുമൊരു ശക്തിപ്രകടനമോ അല്ല; മറിച്ച് ഏറ്റവും അപകടകരവും വിവേകശൂന്യവുമായ ഏറ്റുമുട്ടലാണ്. ഈ യുദ്ധം എന്തെങ്കിലുമൊരു അടിയന്തിര ഭീഷണിയിൽ നിന്നുണ്ടായതല്ല, യു.എസ് കോൺഗ്രസ്സോ ഐക്യരാഷ്ട്രസഭയോ അംഗീകരിച്ചതുമല്ല. പശ്ചിമേഷ്യയെ പുനർനിർമ്മിക്കാനുള്ള ഇസ്രായേലിന്റെ ദീർഘകാല സ്വപ്നമാണ് ഇതിന് പിന്നിൽ.

വർഷങ്ങളായി നെതന്യാഹുവും സംഘവും പശ്ചിമേഷ്യയെ മാറ്റിമറിക്കുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാറുണ്ട്. അവരുടെ തന്ത്രപരവും പ്രത്യയശാസ്ത്രപരവുമായ താല്പര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കേണ്ട ഒരു ചതുരംഗപ്പലകയാണ് ഈ പ്രദേശം. ‘‘ഗ്രേറ്റർ ഇസ്രായേൽ’’ എന്ന പ്രയോഗം തീവ്രവാദികളിൽ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിരിക്കുന്നു. മുസ്‍ലിം ലോകത്തെ മുഴുവൻ തങ്ങളുടെ ലക്ഷ്യങ്ങളായി ഇസ്രായേലി ഉദ്യോഗസ്ഥരും അവരെ അനുകൂലിക്കുന്ന അമേരിക്കൻ ശബ്ദങ്ങളും വിശേഷിപ്പിക്കുന്നു. അമേരിക്കയുടെ സൈനികബലത്തിന്റെ പിന്തുണയോടെ ചരിത്രത്തെ നിർബന്ധപൂർവ്വം മാറ്റിയെഴുതാമെന്ന് നെതന്യാഹു വിശ്വസിക്കുന്നു.

വീണ്ടും ആ പഴയ തിരക്കഥ

അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞുപഠിപ്പിക്കപ്പെട്ടതുപോലെ ഒരേ കാര്യം ആവർത്തിക്കുന്നു: ഇറാൻ ഒരു ഭീഷണിയാണ്, അവർക്ക് തടയിടണം. നമ്മൾ ഇത് മുൻപും കേട്ടിട്ടുള്ളതാണ്. സദ്ദാം ഹുസൈന്റെ ‘‘കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളെ’’ കുറിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ലിയു. ബുഷും പണ്ടത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും പറഞ്ഞത് ഇതേ കാര്യങ്ങളാണ്. ഇറാഖ് ആക്രമിക്കപ്പെടുന്നതും തകർക്കപ്പെടുന്നതും നമ്മൾ കണ്ടു. പക്ഷേ, ആ യുദ്ധത്തിന്റെ അടിസ്ഥാന കാരണം വെറുമൊരു കെട്ടുകഥയായിരുന്നുവെന്ന് പിന്നീട് ലോകം തിരിച്ചറിഞ്ഞു. ഇപ്പോൾ അതേ തിരക്കഥ പൊടിതട്ടിയെടുത്ത് വീണ്ടും അവതരിപ്പിക്കുന്നു. ഒമാനിലും ജനീവയിലും നടന്ന ചർച്ചകളിൽ യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാനും അന്താരാഷ്ട്ര നിരീക്ഷണത്തിന് വഴങ്ങാനും ഇറാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. സംഘർഷം ലഘൂകരിക്കാൻ അവിടെ പഴുതുകളുണ്ടായിരുന്നു. എന്നാൽ ചർച്ചകൾ വെറുമൊരു നാടകമായി . നയതന്ത്രജ്ഞർ വിട്ടുവീഴ്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും അമേരിക്കൻ കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും ഗൾഫ് കടലിടുക്കിലൂടെയും നീങ്ങുകയായിരുന്നു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഖാംനഈ വധിക്കപ്പെട്ടു, മറ്റ് രാഷ്ട്രീയ-സൈനിക നേതാക്കളും ഉന്നമാക്കപ്പെട്ടു, നഗരങ്ങളിൽ ബോംബുകൾ വർഷിച്ചു. എന്നിട്ടും പാശ്ചാത്യ ആഖ്യാനങ്ങൾ പ്രകാരം ഇറാനാണ് ഇപ്പോഴും ആക്രമണകാരി.

ഇസ്രായേലിന്റെ സൈനിക മിത്തുകൾ

ദശകങ്ങളായി ഇസ്രായേൽ തങ്ങളുടെ സൈനിക അജയ്യതയെക്കുറിച്ച് ഒരു പരിവേഷം നിർമ്മിച്ചെടുത്തിട്ടുണ്ട്. എന്നാൽ ചരിത്രം പറയുന്നത് സങ്കീർണമായ മറ്റൊരു കഥയാണ്. 1948-ൽ അറബ് സഖ്യം എന്ന് വിളിക്കപ്പെട്ടവർ ഒരിക്കലും ഒരൊറ്റ ലക്ഷ്യത്തിൽ ഒന്നിച്ചവരായിരുന്നില്ല. ഭൂരിഭാഗം അറബ് രാജ്യങ്ങളും യൂറോപ്യൻ കോളനി ഭരണത്തിൽ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ജോർദാനിലെ ‘അറബ് ലീജിയനെ’ പരിശീലിപ്പിച്ചതും നയിച്ചതും ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു. ഈജിപ്ഷ്യൻ സൈന്യമാകട്ടെ മോശം ആയുധങ്ങളും അഴിമതി നിറഞ്ഞ ഭരണകൂടവും കാരണം തകർന്നിരുന്നു. ഫലസ്തീൻ പോരാളികൾക്ക് ആവശ്യമായ ആയുധങ്ങൾ പോലും നൽകിയിരുന്നില്ല. ചുരുക്കത്തിൽ, ഇസ്രായേൽ തോൽപ്പിച്ചത് ഒരു ഏകീകൃത അറബ് സൈന്യത്തെയല്ല.

1967-ൽ ഇസ്രായേലിന് മുൻതൂക്കം ലഭിച്ചത് യുദ്ധം തുടങ്ങുന്നതിന് മുൻപ് ഈജിപ്തിന്റെ വ്യോമസേനയെ നിലത്തുതന്നെ തകർത്തതിനാലാണ്. 1973-ലാകട്ടെ, ഈജിപ്ഷ്യൻ സൈന്യം സൈനായിലേക്ക് മുന്നേറുകയും ഇസ്രായേലിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. അന്ന് അമേരിക്ക നൽകിയ വൻതോതിലുള്ള സൈനിക സഹായമാണ് ഇസ്രായേലിനെ രക്ഷിച്ചത്. അതിനുശേഷം ഇസ്രായേൽ നേരിട്ടത് ഹിസ്ബുല്ലയെയും ഹമാസിനെയും പോലുള്ള സായുധ സംഘങ്ങളെയാണ്. ഹിസ്ബുല്ലക്ക് മുന്നിൽ ഇസ്രായേലിന് പിന്മാറേണ്ടി വന്നു. ഗസ്സയിലാകട്ടെ, അമേരിക്കയുടെ പൂർണ പിന്തുണയുണ്ടായിട്ടും ഹമാസിനെ ഇല്ലാതാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

ഇറാന്റെ യുദ്ധമുറകൾ

ഇറാൻ ഇറാഖോ അഫ്ഗാനിസ്ഥാനോ അല്ല. അതൊരു സുസംഘടിതമായ സൈനിക ശക്തിയാണ്. ഭൂമിശാസ്ത്രപരമായ വലിപ്പവും ജനസംഖ്യയും അവർക്കുണ്ട്. പതിറ്റാണ്ടുകളായി ഉപരോധങ്ങൾക്കിടയിലും സ്വന്തമായി ആയുധങ്ങൾ നിർമ്മിക്കാനും മിസൈൽ-ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കാനും അവർക്ക് കഴിഞ്ഞു. ഇറാനിലെ ഭരണാധികാരികളെ വെറും ‘‘മുല്ലമാർ’’ എന്ന് പരിഹസിക്കുന്നത് അമേരിക്കയുടെ പതിവ് വിവരക്കേടാണ്. ആ സമൂഹം ഒരു വിപ്ലവത്തിലൂടെ രൂപപ്പെട്ട, തികഞ്ഞ അധിനിവേശ വിരുദ്ധ ബോധമുള്ളവരാണ്.

ഇറാൻ പോരാടുന്നത് ഇസ്രായേലിനോട് മാത്രമല്ല, മറിച്ച് ഈ മേഖലയിലെ അമേരിക്കൻ സാമ്രാജ്യത്വ സംവിധാനത്തോടാണ്. ഗൾഫ് മേഖലയിലെ എണ്ണ വിതരണവും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ‘പെട്രോ-ഡോളർ’ സംവിധാനവും തകർക്കാൻ ഇറാൻ അസമമായ യുദ്ധമുറകൾ പ്രയോഗിക്കും. ഇത് വാൾസ്ട്രീറ്റിനെയും വാഷിംഗ്ടണിനെയും ഒരുപോലെ ഉലക്കും.

വാഷിംഗ്ടണിന്റെ ‘സൂയസ്’

അമേരിക്ക ഏർപ്പെടുന്ന ഏറ്റവും അപകടകരമായ സാഹസികതയായിരിക്കാം ഇത്. സാമ്രാജ്യങ്ങൾ തകരുന്നത് അവർ ദുർബലരാകുമ്പോഴല്ല, മറിച്ച് തങ്ങളുടെ കരുത്തിനെക്കുറിച്ച് അമിത ആത്മവിശ്വാസം ഉണ്ടാകുമ്പോഴാണ്. 1956-ൽ ബ്രിട്ടൻ നടത്തിയ സൂയസ് അധിനിവേശം അവരുടെ സാമ്രാജ്യത്വത്തിന്റെ തകർച്ചക്കാണ് വഴിതെളിച്ചത്. സൈനിക കരുത്ത് മാത്രം കൊണ്ട് ചരിത്രത്തെ മാറ്റിമറിക്കാം എന്ന ചിന്ത ഒരു മിഥ്യയാണെന്ന് അന്ന് ബ്രിട്ടൻ തിരിച്ചറിഞ്ഞു. ചരിത്രം ആവർത്തിക്കപ്പെടുന്നത് അതിന്റെ യുക്തിയിലൂടെയാണ്. രാഷ്ട്രീയമായ നിയമസാധുതയില്ലാതെ സൈനിക ശക്തി പ്രയോഗിക്കുന്നത് തകർച്ചയെ വേഗത്തിലാക്കുകയേയുള്ളൂ. ഇറാൻ ഒരുപക്ഷേ വാഷിംഗ്ടണിന്റെ ‘സൂയസ്’ ആയി മാറിയേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastamericaUS Israel Iran War
News Summary - The American decline is accelerating.
Next Story