ദൈവത്തിന് നന്ദി, അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിന് -ഇംറാൻ ഖാന്റെ വധശ്രമത്തിൽ മുൻ ഭാര്യ ജെമീമ ഗോൾഡ് സ്മിത്തിന്റെ ട്വീറ്റ്
text_fieldsപാർട്ടി റാലിക്കിടെ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് വെടിയേറ്റതിൽ ദുഃഖം പ്രകടിപ്പിച്ച് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. ഇംറാൻ ഖാൻ രക്ഷപ്പെട്ട സംഭവത്തിൽ വലിയ ആശ്വാസമുണ്ടെന്നും അവർ പ്രതികരിച്ചു. ''ഭയപ്പെടുത്തുന്ന വാർത്തയാണത്. അദ്ദേഹം വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നതിൽ ദൈവത്തിന് നന്ദി. ആൾക്കൂട്ടത്തിനിടെ തോക്കുധാരിയെ പ്രതിരോധിച്ച വീരനായകന് അദ്ദേഹത്തിന്റെ മക്കൾ നന്ദി പറയുകയാണ്''-എന്നായിരുന്നു ജെമീമയുടെ ട്വീറ്റ്.
ഇംറാൻ ഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് ഡോ. ഫൈസൽ സുൽത്താൻ പ്രതികരിച്ചു. കാലിൽ ബുള്ളറ്റ് ഏൽപിച്ച ചില പരിക്കുകളുണ്ടെന്നാണ് എക്റെയിലും സ്കാനിങ് റിപ്പോർട്ടിലുമുള്ളത്. ഇംറാന്റെ കാലിൽ നിന്ന് ബുള്ളറ്റിന്റെ ഭാഗം എടുത്തുകളയുന്നതിനായി ഓപറേഷൻ തിയേറ്ററിലേക്ക് മാറ്റിയിരിക്കയണെന്നും ഡോ. ഫൈസൽ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളിൽ കയറി മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാൻ. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രതിഷേധ ലോങ് മാർച്ച് നടത്തിയത്. 'ഹഖീഖി ആസാദി മാർച്ച്' എന്ന പേരിൽ ലാഹോറിലെ ലിബർട്ടി ചൗകിൽനിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് മാർച്ച്.
1995ൽ ആണ് ഇംറാനും ബ്രിട്ടീഷുകാരിയായ ജെമീമയും വിവാഹിതരായത്. 2004ൽ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും രണ്ടു ആൺമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

