
തായ്ലൻഡ് മാളിലെ വെടിവയ്പ്പ്; ഷൂട്ട് ചെയ്യാൻ തന്നോട് ആരോ ആവശ്യപ്പെടുകയായിരുന്നെന്ന് 14 കാരൻ
text_fieldsബാങ്കോക്ക്: തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഷോപ്പിങ് മാളില്‍ നടന്ന വെടിവെപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന സിയാം പാരഗണ്‍ മാളിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ 14-കാരനെ സംഭവം നടന്ന ഉടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയുടെമേൽ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, കൊലപാതകശ്രമം, അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ, പൊതുസ്ഥലത്ത് ആയുധം ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു. ‘പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ ഞങ്ങൾക്ക് ഇനിയും മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല’- മേജർ ജനറൽ നകറിൻ സുഖോന്താവിറ്റ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർ കൗമാരക്കാരനായ കൊലയാളിയുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാളുടെ ഓൺലൈൻ ഗെയിമർമാരായ സുഹൃത്തുക്കളോട് സംസാരിക്കുമെന്നും പൊലീസ് പറഞ്ഞു. താൻ ആദ്യ ഘട്ടത്തിൽ പ്രതിയോട് സംസാരിച്ചെന്നും ‘ഷൂട്ട് ചെയ്യാൻ തന്നോട് ആരോ ആവശ്യപ്പെടുകയായിരുന്നെന്ന് 14 കാരൻ’ പറഞ്ഞതായും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്താൻ കാരണം ഇത്തരം വിശദീകരണങ്ങളാണ്.
കൈത്തോക്ക് ഉപയോഗിച്ചാണ് 14-കാരന്‍ ഷോപ്പിങ് മാളില്‍ വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ മെട്രോ സ്‌റ്റേഷന്‍ ഉള്‍പ്പെടെ അടച്ചിട്ടിരുന്നു. സംഭവത്തിന് പിന്നാലെ മാളില്‍നിന്നുള്ള ഒട്ടേറെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മാളില്‍നിന്ന് ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
