തായ്‍ലാൻഡ്-കംബോഡിയ വെടിനിർത്തൽ പ്രാബല്യത്തിൽ
text_fieldsബാങ്കോക്ക്: ആഴ്ചകൾ നീണ്ട രക്തരൂഷിത സംഘർഷത്തിന് അറുതി കുറിച്ച് തായ്‍ലൻഡ്-കംബോഡിയ വെടിനിർത്തൽ. യുദ്ധം അവസാനിപ്പിച്ചും അതിർത്തി പ്രദേശങ്ങളിലെ പൗരന്മാരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചും ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയോടെ യുദ്ധവിരാമം പ്രാബല്യത്തിലായി. വെടിനിർത്തൽ മൂന്നു ദിവസം പൂർത്തിയാകുന്ന മുറക്ക് തായ്‍ലൻഡ് ബന്ദിയാക്കിയ 18 കംബോഡിയൻ പട്ടാളക്കാരെ വിട്ടയക്കും.
ചൈനയും യു.എസും ഇടപെട്ട് നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. അഭയാർഥികളായവരുടെ മടക്കവും അതിർത്തികളിലെ കുഴിബോംബുകൾ നീക്കം ചെയ്യലുമാകും ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക. മുമ്പ് സമാനമായി പ്രഖ്യാപനം നടന്നെങ്കിലും നടപ്പായില്ലെന്ന് കാണിച്ച് തായ്‍ലൻഡ് വെടിനിർത്തലിന് വിസമ്മതമറിയിച്ചിരുന്നെങ്കിലും ഒടുവിൽ സമ്മർദങ്ങൾക്ക് വഴങ്ങുകയായിരുന്നു. ഇത്തവണ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഇടപെട്ടില്ലെങ്കിലും അമേരിക്കൻ വിദേശകാര്യ വകുപ്പ് ചർച്ചകളിൽ പങ്കാളിയായി.
ഡിസംബർ ആദ്യത്തിൽ തുടങ്ങിയ സംഘർഷം ശക്തിയാർജിക്കുമെന്ന ആധി പകർന്ന് വെള്ളിയാഴ്ച തായ്‍ലൻഡ് കംബോഡിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതുവരെയുള്ള ആക്രമണങ്ങളിൽ കംബോഡിയക്കാണ് കാര്യമായ നഷ്ടം നേരിട്ടത്. നിരവധി സൈനികർക്ക് പുറമെ ആയുധങ്ങളും നഷ്ടമായി.
അതിർത്തിയെ ചൊല്ലി ഏറെയായി ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷം നിലനിൽക്കുന്നുവെങ്കിലും മാസങ്ങൾക്ക് മുമ്പ് തർക്കത്തിലിരിക്കുന്ന ക്ഷേത്രം സന്ദർശിച്ച കംബോഡിയൻ വനിതകൾ ദേശീയ ഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സ്ഥിതി നിയന്ത്രണാതീതമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

