ട്രംപിറങ്ങി; വെടിനിർത്തലിന് സമ്മതിച്ച് തായ്‍ലൻഡും കംബോഡിയയും
text_fieldsസുറിൻ (തായ്‍ലൻഡ്): അതിർത്തി തർക്കം നിരവധി പേരുടെ ജീവനെടുത്ത് നാലാം ദിവസവും തുടർന്ന കംബോഡിയ-തായ്‍ലൻഡ് സംഘർഷത്തിന് അയവ്. വിഷയത്തിൽ ഇടപെട്ട ട്രംപ് അടിയന്തരമായി വെടിനിർത്തലില്ലെങ്കിൽ വ്യാപാര കരാറിനില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും വഴങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
33 പേരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിൽ 1,68,000 പേർ അഭയാർഥികളായിരുന്നു. തായ്‍ലൻഡ്, കംബോഡിയ നേതാക്കളുമായി സംസാരിച്ചെന്നും സംഘട്ടനം തുടർന്നാൽ വ്യാപാര കരാറുണ്ടാകില്ലെന്നറിയിച്ചതായും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അടിയന്തരമായ നിരുപാധിക വെടിനിർത്തലിന് സമ്മതിച്ചതായി കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് അറിയിച്ചു. എന്നാൽ, വെടിനിർത്താമെങ്കിലും കംബോഡിയയുടെ ഭാഗത്തുനിന്ന് ആത്മാർഥമായ താൽപര്യമുണ്ടാകണമെന്ന് തായ്‍ലൻഡ് ഇടക്കാല പ്രധാനമന്ത്രി ഫുംതാമും പറഞ്ഞു.
വ്യാഴാഴ്ച അതിർത്തിയിൽ കുഴിബോംബ് പൊട്ടി അഞ്ചുപേർക്ക് പരിക്കേറ്റതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇരുരാജ്യങ്ങളും പരസ്പരം അംബാസഡർമാരെ പിൻവലിച്ചും സൈനികരെ വിന്യസിച്ചും സംഘർഷം കനപ്പിച്ചത് സ്ഥിതിഗതികൾ വഷളാക്കി. അതിർത്തിയിലെ സുനിൻ പ്രവിശ്യയിൽ കംബോഡിയ കനത്ത ഷെൽ- റോക്കറ്റ് ആക്രമണം നടത്തിയതായും തായ്‍ലൻഡ് ആരോപിച്ചു. മറുപടിയായി തായ്‍ലൻഡും ആക്രമണം നടത്തി. ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന ടാ മുവൻ തോം ക്ഷേത്രത്തിനു നേരെയും ആക്രമണമുണ്ടായി. തായ്‍ലൻഡിൽ 20ഉം കംബോഡിയയിൽ 13ഉം പേരാണ് മരിച്ചത്. തായ്‍ലൻഡിൽ 1,31,000ഉം കംബോഡിയയിൽ 37,000 പേരും വീടുവിടേണ്ടിവന്നു.
ഇരുരാജ്യങ്ങൾക്കുമിടയിലെ 800 കിലോമീറ്റർ അതിർത്തി ഏറെയായി പരസ്പര അവകാശവാദങ്ങളുടെ ഭൂമിയാണ്. ഇതേ ചൊല്ലി സംഘർഷങ്ങളും പതിവാണ്. കഴിഞ്ഞ മേയിലാണ് അവസാനമായി സമാന പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

