ടെക്സസിൽ മിന്നൽ പ്രളയം; മരണം 24 ആയി, 25ലധികം പേരെ കാണാതായി
text_fieldsഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലുണ്ടായ മിന്നിൽ പ്രളയത്തിൽ 24 പേർ മരിച്ചു. കെർ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം സ്ഥിരീകരിച്ചത്. 25ലേറെ പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത 23 പെൺകുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോർട്ട്.
ടെക്സസ് ഹിൽ കൺട്രിയിൽ മാസങ്ങളിൽ ലഭിക്കേണ്ട മഴയാണ് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പുലർച്ചെക്ക് മുമ്പ് അതിശക്തമായ വെള്ളപ്പൊക്കം ഉണ്ടായതോടെ അധികൃതർക്ക് ഒഴിഞ്ഞുപോകാൻ അറിയിപ്പ് പുറപ്പെടുവിക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്വാഡലൂപ്പ് നദിയിൽ വെള്ളപ്പൊക്കമുണ്ടായി. ഹിൽ കൺട്രിയിലെ കെർ കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 300 മില്ലിമീറ്റർ വരെ മഴ പെയ്തതിനെത്തുടർന്ന് യു.എസ് ദേശീയ കാലാവസ്ഥ സർവീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ഒഴുക്കിൽ തിരച്ചിൽ സംഘങ്ങൾ ബോട്ടിലും ഹെലികോപ്റ്ററിലും രക്ഷാപ്രവർത്തനം നടത്തുകയാണ്.
വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകിപ്പോകുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങിയിട്ടുണ്ട്.
മുന്നറിയിപ്പൊന്നും ലഭിക്കാതെ രണ്ട് മണിക്കൂർ ഇടവേളയിലാണ് എല്ലാം സംഭവിച്ചതെന്ന് കെർവില്ലെ സിറ്റി മാനേജർ ഡാൾട്ടൺ റൈസ് പറഞ്ഞു.
700ലേറെ കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽനിന്ന് 23 പെൺകുട്ടികളെയാണ് വെള്ളപ്പൊക്കത്തിൽ കാണാതായതെന്നും, അവർക്ക് അപായം സംഭവിച്ചു എന്നല്ല ഇതിനർഥമെന്നും അവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നുമാത്രമാണെന്നും ലെഫ്റ്റനന്‍റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. ഈ കുട്ടികളെ കണ്ടെത്താൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ഡാൻ പാട്രിക് ടെക്സസ് നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

