ഇംറാൻ ഖാനെതിരെ ഭീകരകുറ്റം; മുൻകൂർ ജാമ്യം നൽകി കോടതി
text_fieldsകറാച്ചി: മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ്. ശനിയാഴ്ച ഇസ്‍ലാമാബാദിൽ നടന്ന റാലിയിൽ പൊലീസ്, ജുഡീഷ്യറി എന്നിവയെയും മറ്റു ഭരണഘടന സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഭീകരക്കുറ്റം ചുമത്തിയത്. കേസ് എടുത്തതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്ന സൂചനകളെ തുടർന്ന് നൂറുകണക്കിന് അണികൾ ഇംറാന്റെ വീടിനു മുന്നിൽ തടിച്ചുകൂടി. ഷഹ്ബാസ് ശരീഫ് സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് നിലയുറപ്പിച്ച പ്രതിഷേധക്കാർ പിരിഞ്ഞുപോകാത്തത് സംഘർഷ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇംറാനെ കസ്റ്റഡിയിലെടുത്താൽ തലസ്ഥാന നഗരം പിടിച്ചടക്കുമെന്ന് അദ്ദേഹത്തിനു കീഴിൽ മന്ത്രിയായിരുന്ന അലി അമീൻ ഗന്ദാപൂർ പറഞ്ഞു. കൂടുതൽ പാർട്ടി പ്രവർത്തകർ ഇസ്‍ലാമാബാദിൽ തടിച്ചുകൂടാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. അറസ്റ്റ് സാധ്യത ഒഴിവാക്കാൻ പാർട്ടി നേതൃത്വം കോടതിയെ സമീപിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വരെ നടപടി സ്റ്റേ ചെയ്തിട്ടുണ്ട്. എന്നാൽ, അതിനിടെയോ കഴിഞ്ഞോ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കഴിഞ്ഞ ദിവസം ഇംറാന്റെ പ്രസംഗങ്ങളുടെ തത്സമയ സംപ്രേഷണം രാജ്യത്തെ മാധ്യമ നിയന്ത്രണ സമിതി തടഞ്ഞിരുന്നു. രാജ്യത്തുടനീളം റാലികൾ സംഘടിപ്പിച്ച് അധികാരം തിരിച്ചുപിടിക്കാൻ നീക്കം സജീവമാക്കിയത് കണക്കിലെടുത്താണ് ഷഹ്ബാസ് സർക്കാർ ഇംറാനെതിരെ നടപടികൾ കടുപ്പിച്ചത്. വിദേശ ശക്തികളുടെ ഗൂഢാലോചനയെ തുടർന്നാണ് താൻ അധികാരത്തിനു പുറത്തായതെന്ന് ഇംറാൻ ആരോപിക്കുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അവിശ്വാസ പ്രമേയത്തിലൂടെ ഇംറാൻ പുറത്താക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

