‘‘എന്റെ മക്കൾ മരണത്തിന് കീഴടങ്ങുന്നത് നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ..’’ റഫ അതിർത്തി അടച്ചതിൽ ചികിത്സ കിട്ടാതെ ഗസ്സയിലെ പതിനായിരങ്ങൾ
text_fieldsഗസ്സ സിറ്റി: തന്റെ പിഞ്ചുകുഞ്ഞിന്റെ അവസ്ഥയിൽ നീറിക്കഴിയുകയാണ് ലാമ അബു റൈദ എന്ന ഉമ്മ. അഞ്ചുമാസം മാത്രം പ്രായമുള്ള ആൽമയുടെ ജീവൻ ആ ഉമ്മയുടെ കൈകളിൽ പിടയുകയാണ്. പക്ഷേ യാതൊരു നിവൃത്തിയുമില്ല..ഗസ്സയിലെ റഫ അതിർത്തി അടച്ചതോടെ മരണമുനമ്പിൽ കഴിയുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങൾ.
ശ്വാസകോശത്തിലെ തകരാർ കാരണം ഓക്സിജൻ മെഷീന്റെ സഹായമില്ലാതെ ആൽമക്ക് ഒരുനിമിഷം പോലും ശ്വസിക്കാനാവില്ല. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജോർഡനിൽവെച്ച് ശസ്ത്രക്രിയ നടത്താൻ അനുമതി ലഭിച്ചതായിരുന്നു. എന്നാൽ, യാത്രയ്ക്കുള്ള രേഖകളും ബാഗുമെല്ലാം തയാറാക്കി കാത്തിരിക്കേയാണ് ഇസ്രായേൽ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചത്. ഇറാനുമായുള്ള സംഘർഷം കാരണം ഇസ്രായേൽ ഭരണകൂടം റഫ അതിർത്തി അടച്ചതോടെ ആൽമയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന വഴിയും അടയുകയായിരുന്നു.
"യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അവർ അതിർത്തി അടച്ചത്. എന്റെ മകളുടെ ജീവൻ ഒരു ശസ്ത്രക്രിയയെ മാത്രം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അത് വൈകുംതോറും അവളുടെ അവസ്ഥ മോശമാവുകയാണ്," ലാമ വിതുമ്പലോടെ പറയുന്നു. ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിൽ ഓക്സിജൻ കുഴലുകൾക്കിടയിൽ തന്റെ കുഞ്ഞിന്റെ ജീവനായി പ്രാർഥനയോടെ കഴിയുകയാണ് ഉമ്മ.
കൺമുന്നിൽ കൊഴിഞ്ഞ കണ്മണികൾ
ഹദീൽ സുഹ്റാബ് എന്ന 32കാരിയായ മാതാവിന്റെ സങ്കടമേറിയ വാക്കുകൾ സഹിക്കാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ ഫെബ്രുവരി 18ന് തന്റെ എട്ടു വയസ്സുകാരി മകൾ ലാനയെയും, മാർച്ച് ഒന്നിന് ആറു വയസ്സുകാരനായ ഏകമകൻ സുഹൈബിനെയും ഹദീൽ സുഹ്റാബിന് നഷ്ടമായി. അപൂർവമായ ജനിതക രോഗം ബാധിച്ച ഇരുവർക്കും ഗസ്സക്ക് പുറത്ത് ചികിത്സ അനുവദിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് അവർ ജീവനോടെ ഉണ്ടാകുമായിരുന്നു.
"എന്റെ മക്കൾ കൺമുന്നിൽ സാവധാനം മരിക്കുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ലാനയ്ക്ക് യാത്രയ്ക്കുള്ള അനുമതി ലഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അവൾ മൺമറഞ്ഞുപോയത്. ഈ അതിർത്തി അടച്ചുകൊണ്ട് എന്റെ മക്കളെ കൊലക്ക് കൊടുത്തതാണ്," സുഹ്റാബിന്റെ കണ്ണീരിൽ കുതിർന്ന വാക്കുകളാണിത്. യുദ്ധത്തെത്തുടർന്ന് അൽ മവാസിയിലെ ടെന്റിലായിരുന്നു സുഹ്റാബും കുടുംബവും കഴിഞ്ഞിരുന്നത്. അടിസ്ഥാന സൗകര്യങ്ങളോ മരുന്നോ പോലുമില്ലാത്ത ടെന്റിൽ കിടന്ന് ആ പിഞ്ചുകുഞ്ഞുങ്ങൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
"രണ്ടുപേരും കിടപ്പിലായിരുന്നു... ഡയപ്പറുകളിലായിരുന്നു അവരുടെ ജീവിതം. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിക്കേണ്ടതുണ്ടായിരുന്നു. ഭക്ഷണവും വെള്ളവും ശ്രദ്ധിക്കണമായിരുന്നു... അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഒരു കൂടാരത്തിലാണ് ഇതെല്ലാം ഞങ്ങൾ ചെയ്തത്"...
ഗാസയിലെ യുദ്ധത്തിനുമുമ്പ്, ഇരുവർക്കും ആശുപത്രികളിൽനിന്ന് പ്രത്യേക ചികിത്സ ലഭിച്ചിരുന്നു. അതിൽപിന്നീട് ഒരു പരിധിവരെ അവരുടെ ആരോഗ്യം മെച്ചപ്പെട്ടു. എന്നാൽ ഇസ്രായേൽ ആക്രമണം ശക്തമായതോടെ അവരുടെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. ഗാസയിലെ ആരോഗ്യസംവിധാനങ്ങൾ തകർന്നതോടെ മരുന്നുകൾക്ക് പോലും ഞങ്ങൾ കഷ്ടപ്പെട്ടു. വെസ്റ്റ് ബാങ്കിൽനിന്ന് മരുന്ന് എത്തിക്കാൻ ശ്രമിച്ചിരുന്നു. റെഡ് ക്രോസിനോടും ലോകാരോഗ്യ സംഘടനയോടും സഹായം തേടിയെങ്കിലും ഒന്നും നടന്നില്ലെന്നും സൗറോബ് വ്യക്തമാക്കി.
"അതിർത്തികൾ അടച്ചതു കാരണമാണ് എന്റെ മക്കൾ മരിച്ചത്!" വേദന നിറഞ്ഞ ശബ്ദത്തിൽ അവർ കൂട്ടിച്ചേർത്തു.
"ലോകം ഞങ്ങളുടെ ജീവനോ കുട്ടികളുടെ ജീവനോ ഒരു വിലയും നൽകുന്നില്ല...ഇതൊക്കെ ഇപ്പോൾ സാധാരണമായിരിക്കുന്നു. എന്റെ മക്കൾക്ക് സംഭവിച്ചത് മറ്റൊരു അമ്മയ്ക്കും സംഭവിക്കരുത് എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്... അതിർത്തികൾ വീണ്ടും തുറക്കണം, കുട്ടികൾക്കും രോഗികൾക്കും യാത്ര ചെയ്യാൻ അനുമതി നൽകണം.."
സ്വന്തം നഷ്ടങ്ങൾക്കും വേദനകൾക്കിടയിലും തന്റെ മൂന്നാമത്തെ കുട്ടിയായ നാല് വയസ്സുകാരി ലയാനുവേണ്ടി താൻ കരുത്തുറ്റവളായിരിക്കാൻ ശ്രമിക്കുകയാണെന്ന് സുഹ്റാബ് കരളലിഞ്ഞ് പറയുകയാണ്.
മരണമുനമ്പിൽ കഴിയുന്നത് പതിനായിരങ്ങൾ
ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 20,000 രോഗികളാണ് അടിയന്തര ചികിത്സയ്ക്കായി വിദേശത്തേക്ക് കടക്കാനായി കാത്തിരിക്കുന്നത്. ഇതിൽ 4,500 ഓളം പേർ കുട്ടികളാണ്. റഫ അതിർത്തി അടച്ചിടുന്നത് സാധാരണക്കാരെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും ഇത് നൂറുകണക്കിന് രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. സ്തനാർബുദം ബാധിച്ച് നട്ടെല്ലിലേക്ക് രോഗം പടർന്ന അമൽ അൽ തലൂലിയെപ്പോലെയുള്ള ആയിരക്കണക്കിന് കാൻസർ രോഗികളും ഇന്ന് ഗസ്സയിൽ നിസ്സഹായരായി കഴിയുന്നുണ്ട്.
ബുധനാഴ്ച മുതൽ അതിർത്തി ഭാഗികമായി തുറക്കുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ടെങ്കിലും, ആൽമയെയും അമലിനെയും പോലുള്ള ആയിരങ്ങളുടെ ജീവിതം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ലോകത്തിന്റെ നിശബ്ദതയ്ക്ക് ഇടയിൽ, ഓരോ നിമിഷവും ഗസ്സയിൽ ഒരു ജീവൻ വീതം പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

