Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രീം കോടതി വിധി ആയുധമാക്കി റിപ്പബ്ലിക്കൻ പാർട്ടി; യു.എസിൽ മണ്ഡലങ്ങൾ വെട്ടിമുറിക്കുന്നു

text_fields
bookmark_border
സുപ്രീം കോടതി വിധി ആയുധമാക്കി റിപ്പബ്ലിക്കൻ പാർട്ടി; യു.എസിൽ മണ്ഡലങ്ങൾ വെട്ടിമുറിക്കുന്നു
cancel

നാഷ്‌വിൽ: അമേരിക്കയിലെ ടെന്നസിയിൽ കറുത്തവർഗക്കാർക്ക് ഭൂരിപക്ഷമുള്ള ഏക യു.എസ് ഹൗസ് മണ്ഡലം വെട്ടിമുറിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി അംഗീകാരം നൽകി. മെംഫിസ് കേന്ദ്രീകരിച്ചുള്ള ഈ മണ്ഡലം ഇല്ലാതാക്കിയ നടപടിക്കെതിരെ സ്റ്റേറ്റ് ക്യാപിറ്റോളിൽ കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. വോട്ടിങ് അവകാശ നിയമത്തെ ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധി മുതലെടുത്താണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഈ നീക്കം.

പൗരാവകാശ പോരാട്ടങ്ങളുടെ കേന്ദ്രമായ മെംഫിസ് നഗരം ഉൾപ്പെടുന്ന ഷെൽബി കൗണ്ടി മൂന്ന് വ്യത്യസ്ത റിപ്പബ്ലിക്കൻ അനുകൂല മണ്ഡലങ്ങളായാണ് വിഭജിക്കപ്പെട്ടത്. ഇതോടെ 2007 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് അംഗം സ്റ്റീവ് കോഹന്റെ സീറ്റ് നഷ്ടമാകാൻ സാധ്യതയുണ്ട്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടിയെ ഈ നീക്കം സഹായിക്കും.

ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയുടെ ഗാലറിയിൽ നിന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ സ്പീക്കർ പുറത്താക്കി. വംശീയമായ വിവേചനം ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് ഡെമോക്രാറ്റിക് അംഗം ജസ്റ്റിൻ ജോൺസ് ആരോപിച്ചു. പഴയകാല വംശീയ നിയമങ്ങളായ ജിം ക്രോ നിയമങ്ങളോടാണ് അദ്ദേഹം ഇതിനെ ഉപമിച്ചത്.

വോട്ടെടുപ്പ് സമയത്ത് ഡെമോക്രാറ്റിക് അംഗങ്ങൾ കൈകോർത്തു പിടിച്ച് പ്രാർത്ഥിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. സെനറ്റർ ചാർലെൻ ഒലിവർ ഡെസ്കിന് മുകളിൽ കയറി നിന്ന് "ജിം ക്രോ 2.0 വേണ്ട" എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി.

വംശീയമായ വിവേചനമല്ല, മറിച്ച് പാർട്ടി താൽപ്പര്യങ്ങളാണ് മണ്ഡല മാറ്റത്തിന് പിന്നിലെന്ന് റിപ്പബ്ലിക്കൻ അംഗം ജേസൺ സക്കറി പ്രതികരിച്ചു. ടെന്നസിയിൽ നിന്നുള്ള എല്ലാ പ്രതിനിധികളും റിപ്പബ്ലിക്കൻമാരായിരിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ കൈവരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ലുസിയാനയിൽ കറുത്തവർഗക്കാർക്ക് ഭൂരിപക്ഷമുള്ള രണ്ടാമത്തെ മണ്ഡലം രൂപീകരിച്ചത് തെറ്റാണെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ദക്ഷിണ സംസ്ഥാനങ്ങളിൽ സമാനമായ നീക്കങ്ങൾ സജീവമായിട്ടുണ്ട്. സൗത്ത് കരോലിനയിൽ മുതിർന്ന ഡെമോക്രാറ്റിക് നേതാവ് ജിം ക്ലൈബേണിന്റെ മണ്ഡലം ഇല്ലാതാക്കാൻ റിപ്പബ്ലിക്കൻമാർ നീക്കം തുടങ്ങിക്കഴിഞ്ഞു.

അലബാമയിലെ രണ്ട് കറുത്തവർഗ്ഗ ഭൂരിപക്ഷ മണ്ഡലങ്ങൾ വേണമെന്ന മുൻ ഉത്തരവ് റദ്ദാക്കാൻ അലബാമ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പുനർനിർണ്ണയ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പൗരാവകാശ സംഘടനയായ എൻ.എ.എ.സി.പി ടെന്നസി ഗവർണർക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ രാഷ്ട്രീയ കരുനീക്കങ്ങൾ നിർണ്ണായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tennessee Republicans pass new map erasing majority-Black US House district
Next Story