യു.എസിന് മുന്നിൽ തെഹ്‌റാൻ ഒരിക്കലും തലകുനിക്കില്ല, ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ്
text_fieldsന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ചും അതേസമയം തന്നെ നയതന്ത്ര ചർച്ചകൾക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ സംസാരിച്ചു. മിഡിൽ ഈസ്റ്റിലെ യഥാർഥ ഭീകരവാദിയും ആൾമാറാട്ടക്കാരനും അമേരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഇറാന്റെ ഭാഗത്തുനിന്ന് എപ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സമ്പൂർണ യുദ്ധം പ്രഖ്യാപിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ യുഎൻ പ്രസംഗമായിരുന്നു. യു.എസിന് മുന്നിൽ തെഹ്‌റാൻ ഒരിക്കലും തലകുനിക്കില്ല.
എങ്കിലും, പ്രതിരോധത്തിനൊപ്പം ചർച്ചകൾക്കും തയ്യാറാണെന്നും വ്യക്തമാക്കി. ‘ഞങ്ങളെ ഭയപ്പെടുത്താൻ നോക്കുന്ന പ്രസിഡന്റ് ട്രംപും മറ്റുള്ളവരും ഒരു കാര്യം മനസ്സിലാക്കണം. ബലപ്രയോഗത്തിന്റെ ഭാഷയല്ലാതെ, സംവാദത്തിനും നയതന്ത്രത്തിനും ചർച്ചകൾക്കും ഞങ്ങൾ എപ്പോഴും തയ്യാറാണ്’- പെസക്ഷിയാൻ പറഞ്ഞു. വ്യക്തമാക്കി.
ചൊവ്വാഴ്ച യുഎന്നിൽ സംസാരിച്ച യുഎസ് പ്രസിഡന്റ്, ഇറാനെ ‘തുടച്ചുനീക്കുന്നതിനെക്കുറിച്ച്’ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അതേസമയം, തെഹ്‌റാനും വാഷിങ്ടണിന്റെ പ്രതിനിധികളും തമ്മിലുള്ള പുനരാരംഭിച്ച ചർച്ചകളെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
സഭയുടെ ഇടവേളയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും തമ്മിൽ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട രഹസ്യ കൂടിക്കാഴ്ച ഇരുവിഭാഗവും ഫലപ്രദമെന്നാണ് വിശേഷിപ്പിച്ചത്. ജൂണിനു ശേഷമുള്ള ഇത്തരം ആദ്യ കൂടിക്കാഴ്ചയാണിത്. എങ്കിലും, പെസെഷ്കിയന്റെ പ്രസംഗം ആരംഭിച്ചയുടൻ യുഎസ് പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഇറാന്റെ ഭാവി സംബന്ധിച്ച് തെഹ്‌റാൻ തയ്യാറാക്കിയ നിർദ്ദേശങ്ങൾക്ക് അറബ് അയൽരാജ്യങ്ങളുടെ പിന്തുണ തേടുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ഇറാൻ പ്രസിഡന്റ് സൂചിപ്പിച്ചു. ഹുർമുസ് കടലിടുക്കിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇടക്കിടെയുണ്ടായ ഉപരോധം ആഗോള ഊർജ്ജ വില കുതിച്ചുയരാൻ കാരണമായിരുന്നു. ഈ നിർണായക ജലപാത തങ്ങൾക്കെതിരെ ഉപയോഗിക്കാനുള്ള ആയുധങ്ങൾ കടത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ പരിശോധിക്കാൻ ഇറാൻ അവകാശം ഉന്നയിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വതന്ത്രമായി ജീവിക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തെ ‘ഭീകരവാദം’ എന്നാണ് പെസെഷ്കിയൻ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ട നേതാവിന്റെയും സംഘർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ കൊല്ലപ്പെട്ട 150ലധികം സ്കൂൾ കുട്ടികളുടെയും ചിത്രങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. തങ്ങൾ ഒരിക്കലും യുദ്ധം ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഞങ്ങൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഞങ്ങൾ ഭീകരവാദികളല്ല. സമാധാനപരമായ സിവിലിയൻ ആണവ പരിപാടി തുടരാൻ ഇറാനു അവകാശമുണ്ടെന്നും തങ്ങൾക്ക് ആണവായുധങ്ങൾ നിർമിക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
പ്രാദേശിക സുരക്ഷക്കുള്ള പരിഹാരം യുഎസിനെപ്പോലുള്ള പുറത്തുനിന്നുള്ളവരുടേതല്ല, മറിച്ച് പ്രാദേശികമായ ധാരണയാണെന്ന് അദ്ദേഹം വാദിച്ചു. അയൽരാജ്യങ്ങളെ സുരക്ഷാ എതിരാളികളായല്ല, സുരക്ഷാ പങ്കാളികളായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇന്നത്തെ ലോകത്ത്, സ്വയം പ്രതിരോധിക്കാൻ കഴിയാത്തവർ ചവിട്ടിമെരുക്കപ്പെടും’- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

