തെഹ്റാനും ബൈറൂത്തും എരിയുന്നു
text_fieldsലബനാൻ തലസ്ഥാനമായ ബൈറൂത്തിലെ ബാശൂറയിൽ ബുധനാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ ബഹുനില കെട്ടിടം തകർന്നുവീഴുമ്പോൾ പുകയും പൊടിപടലങ്ങളും ഉയർന്നുപൊങ്ങുന്നു.
തെഹ്റാൻ/തെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷം 19 നാൾ പിന്നിടുമ്പോൾ, ഇറാനുനേരെ യു.എസും ലബനാനു നേരെ ഇസ്രായേലും അതിരൂക്ഷ കടന്നാക്രമണങ്ങൾ അഴിച്ചുവിടുന്നു. കഴിഞ്ഞദിവസം, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രായേൽ, ബുധനാഴ്ച പുലർച്ചെ നടത്തിയ മറ്റൊരാക്രമണത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രി ഇസ്മാഈൽ ഖാതിബിനെ കൊലപ്പെടുത്തിയതായി അവകാശപ്പെട്ടു. തെഹ്റാൻ, തബ്രീസ്, ബാശൂറ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും യു.എസ്-ഇസ്രായേൽ സംയുക്താക്രമണം നടന്നു.
ബൂഷഹറിൽ എണ്ണ നിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാനിൽ ഇതിനകം, 1500ഓളം പേർ കൊല്ലപ്പെട്ടു. അതിനിടെ, ഹുർമുസ് തീരത്ത് യു.എസ് സേന ‘ബങ്കർ ബസ്റ്റർ’ ബോംബാക്രമണം നടത്തി. 2268 കിലോ ഗ്രാം ഭാരമുള്ളതും ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ളതുമായ ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് സൈനിക നിലയങ്ങൾ ലക്ഷ്യംവെച്ച് പ്രയോഗിച്ചത്. ലബനാനിൽ ഇസ്രായേൽ അധിനിവേശം തുടരുകയാണ്. സെൻട്രൽ ബൈറൂത്തിൽ മാത്രം ഇന്നലെ 20 പേർ കൊല്ലപ്പെട്ടു. 15 ദിവസം പിന്നിട്ട ആക്രമണത്തിൽ ഇതിനകം 912 പേർ കൊല്ലപ്പെട്ടു. 10 ലക്ഷം പേർ പലായനം ചെയ്തു.
കഴിഞ്ഞ 48 മണിക്കൂറിനിടെ, ഇറാനിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ പ്രധാന നേതാവാണ് 64കാരനായ ഇസ്മാഈൽ ഖാതിബ്. ലാരിജാനിക്ക് പുറമെ, ഇറാന്റെ അർധ സൈനിക വിഭാഗം മേധാവിയായ ഗുലാം രിസ സുലൈമാനിയെയും ഇസ്രായേൽ സൈന്യമായ ഐ.ഡി.എഫ് വധിച്ചിരുന്നു. ലാരിജാനിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ നേതാക്കളെ പൂർണമായും ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. നേതാക്കളുടെ മരണംകൊണ്ട് പിൻവാങ്ങില്ലെന്ന് ഇറാൻ വിദേശ കാര്യമന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചു. ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവ് ലക്ഷ്യമാക്കി നിരവധി മിസൈലുകളും ഡ്രോണുകളും ഇറാൻ തൊടുത്തു. സംഭവങ്ങളിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും അതിശക്തമായ ഡ്രോൺ വർഷമാണ് ഇറാൻ നടത്തിയത്. മേഖല അതി ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

