ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി; എച്ച്‍ വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്‍കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: എച്ച്‍ വൺബി വിസയിലും ഗ്രീൻ കാർഡ് പദ്ധതിയിലും വൻ മാറ്റങ്ങൾ വരുത്തുമെന്ന സൂചന നൽകി ട്രംപ് ഭരണകൂടം. യു.എസിലെ ദശലക്ഷക്കണക്കിന് വിദേശ ജീവനക്കാരെയും വിദ്യാർഥികളെയും ബാധിക്കുന്നതാണിത്. എച്ച് വൺബി വിസ പദ്ധതി വലിയ തട്ടിപ്പാണെന്നും അതിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
''അമേരിക്കൻ പൗരൻമാരുടെ തൊഴിലവസരങ്ങൾ മുഴുവൻ വിദേശ തൊഴിലാളികൾ കവരുന്ന രീതിയിലുള്ള തട്ടിപ്പാണ് നിലവിലെ എച്ച്‍ വൺബി വിസ സമ്പ്രദായം. എല്ലാ അമേരിക്കൻ കമ്പനികളിലും അമേരിക്കൻ പൗരൻമാർക്ക് മുൻഗണന നൽകുന്ന രീതിയിലുള്ള മാറ്റം വരണം. അമേരിക്കക്കാരെ തെരഞ്ഞെടുക്കാനുള്ള സമയമാണിത്''-എന്നായിരുന്നു വാണിജ്യ സെക്രട്ടറിയുടെ എക്സ് പോസ്റ്റ്.
ഗ്രീൻ കാർഡും എച്ച് വൺബി വിസയും ആ രീതിയിലേക്ക് പരിഷ്‍കരിക്കുന്നതിനുള്ള സംഘത്തിന്റെ ഭാഗമാണ് താനെന്നും ലുട്നിക് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗ്രീൻ കാർഡ് കൈവശമുള്ളവരും അമേരിക്കയിലെ പൗരൻമാരും തമ്മിൽ വേതനത്തിൽ വലിയ അന്തരമില്ലെന്നും ഈ ആവശ്യത്തെ ന്യായീകരിക്കവെ ലുട്നിക് സൂചിപ്പിച്ചു.
''എച്ച് വൺബി വിസ പദ്ധതി പരിഷ്‍കരിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ഭീകരമായ ഒരു പദ്ധതിയാണിത്. ഗ്രീൻ കാർഡിലും ഞങ്ങൾ മാറ്റം വരുത്താൻ പോവുകയാണ്. ഒരു ശരാശരി അമേരിക്കൻ പൗരൻ പ്രതിവർഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാൽ ഗ്രീൻ കാർഡ് കൈവശമുള്ള വിദേശ പൗരൻ സമ്പാദിക്കുന്നത് 66,000 ഡോളറും. അതിൽ മാറ്റം വരുത്താൻ പോവുകയാണ് ഞങ്ങൾ. ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോൾഡ് കാർഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തിരഞ്ഞെടുക്കാൻ ഞങ്ങൾ പോകുകയാണ്''-അമേരിക്കൻ വാണിജ്യ സെക്രട്ടറി പറഞ്ഞു.
എച്ച്-1ബി ലോട്ടറി സംവിധാനം ഒഴിവാക്കുന്നതും ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്ന വേതന അധിഷ്ഠിത വിസ അനുവദിക്കുന്നതും വിസ പ്രക്രിയയിലെ നിർദിഷ്ട മാറ്റങ്ങളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി യു.എസ് അധികൃതർ നേരത്തെ ഒരു കരട് നിയമം അംഗീകരിച്ചിരുന്നു.
ഇന്ത്യക്കാരാണ് എച്ച്‍ വൺബി വിസയുടെ ഉപയോക്താക്കളിൽ ബഹുഭൂരിപക്ഷവും. അതിനാൽ വിസ പരിഷ്‍കരണം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ ഐ.ടി ജീവനക്കാരെയും വിദ്യാർഥികളെയുമാണ്. ജനുവരിയിൽ ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റതു മുതൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെയും വിദ്യാർഥികളെയും നിയന്ത്രിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
മുൻകാല രീതികളിൽ നിന്ന് വ്യത്യസ്തമായി എച്ച് വൺബി വിസയുള്ളവർ ഇപ്പോൾ ബയോമെട്രിക് വിവരങ്ങൾ, വീട്ടുവിലാസങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതുണ്ട്. ഗ്രീൻ കാർഡുകൾ ഒരു വിദേശ വ്യക്തിക്ക് അമേരിക്കയിൽ അനിശ്ചിത കാലം താമസിക്കാനുള്ള അവകാശം നൽകുന്നില്ല എന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പരാമർശം ഗ്രീൻ കാർഡുകളുടെ ഭാവി സാധ്യതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അതേസമയം ഗോൾഡ് കാർഡ് സംരംഭം ഇതിനെല്ലാം ബദലായും കണക്കാക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

