അർഷദ് ശരീഫിന്റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: പ്രമുഖ പാക് മാധ്യമപ്രവർത്തകൻ അർഷദ് ശരീഫ് കെനിയയിൽ വെടിയേറ്റുമരിച്ച സംഭവം അന്വേഷിക്കാൻ പാകിസ്താൻ രണ്ടംഗ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അറിയിച്ചു. പാകിസ്താൻ ഉന്നത അന്വേഷണ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് സമിതിയിലുണ്ടാവുക. ഇവർ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.
ഞായറാഴ്ചയാണ് നയ്റോബിയിൽ അർഷദ് ശരീഫ് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ചെക്പോസ്റ്റിൽ നിർത്താതെപോയ ശരീഫിന്റെ വണ്ടി മറ്റൊരു കുറ്റവാളിയുള്ള വാഹനമാണെന്ന് കരുതി വെടിവെച്ചെന്നാണ് കെനിയൻ പൊലീസ് പറയുന്നത്.
വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കുണ്ട്. ശരീഫിന്റെ മൃതദേഹം ബുധനാഴ്ച കാലത്ത് പാകിസ്താനിലെത്തിച്ചു. പാകിസ്താൻ സൈന്യത്തിനെതിരെ ശക്തമായ വാർത്തകൾ അവതരിപ്പിച്ചാണ് ശരീഫ് ശ്രദ്ധേയനായത്. എന്നാൽ, പ്രതികാര നടപടിയെന്നോണം ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസുകൾ വന്നു. ഇതോടെ പാകിസ്താൻ വിടുകയായിരുന്നു.