താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം തള്ളിക്കളയാതെ ബംഗ്ലാദേശ്; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി
text_fieldsബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാതെ ധാക്ക. സന്ദർശനത്തിനാവശ്യമായ ഉഭയകക്ഷി ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ സന്ദർശനം എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് ധാക്കയുടെ പ്രതികരണം.
തിങ്കളാഴ്ച ധാക്കയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മറ്റേതൊരു രാജ്യവുമായും നല്ല രീതിയിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഉഭയകക്ഷി സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം തികച്ചും ഉഭയകക്ഷി ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെറുമൊരു ഫോൺ കോളിലൂടെ മാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ലെന്നും, നിലവിൽ ചർച്ചകൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെടുമ്പോൾ ഉന്നതതല ചർച്ചകൾ നടക്കുമെന്നും, അതിന് മുന്നോടിയായി ഔദ്യോഗിക തലത്തിലുള്ള ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശൈഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചതുമുതലാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളലുകൾ വീണുതുടങ്ങിയത്. ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഇക്കാര്യം പരിശോധിക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ചിരുന്നെങ്കിലും താരിഖ് റഹ്മാൻ ആ ക്ഷണം സ്വീകരിച്ചിരുന്നില്ല. ബിംസ്റ്റെക്ക് അധ്യക്ഷൻ എന്ന നിലയിലാണ് ക്ഷണം ലഭിച്ചതെന്നും ഉച്ചകോടിയിലേക്കല്ല എന്ന കാരണത്താലാണ് അദ്ദേഹം വിട്ടുനിന്നത്.
എന്നിരുന്നാലും ഇന്ത്യയുമായുള്ള ഉന്നതതല സന്ദർശനങ്ങളുടെ വാതിലുകൾ ബംഗ്ലാദേശ് പൂർണമായി അടച്ചിട്ടില്ലെന്നതിന്റെ സൂചനയാണ് ഹുമയൂൺ കബീറിന്റെ പുതിയ പ്രസ്താവന നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും അനുകൂലമായ സാഹചര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അത്തരം നിർണ്ണായക സന്ദർശനങ്ങൾ ഉണ്ടാകൂ എന്ന് ധാക്ക വ്യക്തമാക്കുന്നു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമീഷണർ ദിനേഷ് ത്രിവേദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച മന്ത്രി, നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ ന്യൂഡൽഹി അനുഭാവപൂർവ്വം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

