ഗസ്സയിലെ മൂന്നു ലക്ഷത്തോളം കുട്ടികൾ പട്ടിണി മരണത്തിലേക്ക്; മൂന്നു ദിവസത്തിനകം ആശുപത്രി പ്രവർത്തനങ്ങൾ നിലക്കും; അടിയന്തര ഇടപെടലിനഭ്യർഥിച്ച് അധികൃതർ
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ ബേബി ഫോർമുല, പോഷകാഹാര സപ്ലിമെന്റുകൾ, എല്ലാത്തരം മാനുഷിക സഹായങ്ങൾ എന്നിവ തടയുന്നത് തുടരുന്നതിനാൽ ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള 3,500ലധികം കുഞ്ഞുങ്ങൾ ഉടനടിയുള്ള മരണത്തിലേക്ക് പതിക്കുന്നുവെന്നും 290,000ത്തോളം കുട്ടികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്നും ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ്.
രണ്ടു മാസത്തിലേറെയായി ആരംഭിച്ച ഉപരോധത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഗസ്സയിലെ കുട്ടികളെ പട്ടിണിയിലാക്കുന്നതിൽ ലോകം മുഴുവൻ സംഭാവന ചെയ്യുകയോ പങ്കാളികളാകുകയോ ചെയ്യുന്നു എന്ന് ഗസ്സ മുനമ്പിലെ ഓക്സ്ഫാമിന്റെ ഭക്ഷ്യസുരക്ഷാ മേധാവി മഹ്മൂദ് അൽസഖ അൽ ജസീറയോട് പറഞ്ഞു.
ഗസ്സയിലെ ആശുപത്രികളിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ധനം തീർന്നുപോകുമെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.ആശുപത്രികൾ നിന്നുപോകുന്നതിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകി മന്ത്രാലയം ഇന്ധനത്തിനായി അടിയന്തര അഭ്യർത്ഥന പുറപ്പെടുവിച്ചു.
കുറച്ച് ഇന്ധനം നിശ്ചിത സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഇസ്രായേൽ ആ പ്രദേശങ്ങളെ പരിധിക്ക് പുറത്തായി പ്രഖ്യാപിച്ചതിനാൽ സഹായ സംഘങ്ങൾക്ക് അവിടേക്ക് എത്തിപ്പെടാനോ കൊണ്ടുപോകാനോ കഴിയില്ലെന്നും മന്ത്രാലയം പറയുന്നു. പുതിയ ഇന്ധനമൊന്നും ലഭിച്ചില്ലെങ്കിൽ അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഉപരോധത്തെ തുടർന്ന് ഗസ്സയിലേക്കു പ്രവേശിക്കാനാവാതെ നൂറു കണക്കിന് സഹായ ട്രക്കുകൾ ആണ് അതിർത്തിയിൽ കെട്ടിക്കിടക്കുന്നത്. സഹായവുമായി പുറപ്പെട്ട ‘ഫ്രീഡം േഫ്ലാട്ടില്ല’ കപ്പലിനുനേരെ മാൾട്ടയിൽ വെച്ച് കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണവും നടന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 40 ഫലസ്തീനികൾ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എൻക്ലേവിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ 7 മുതൽ ഗസ്സക്കെതിരായ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തിൽ 52,535 പേർ കൊല്ലപ്പെടുകയും 118,491പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും അതിൽ പറഞ്ഞു.
മാർച്ച് 18ന് ഇസ്രായേൽ ഏകപക്ഷീയമായി വെടിനിർത്തൽ അവസാനിപ്പിച്ചതിനുശേഷം ഗസ്സയിൽ കുറഞ്ഞത് 2,436 പേരെ കൊല്ലുകയും 6,450 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

