മുറുകി തീരുവയുദ്ധം; യു.എസിന് തിരിച്ചടിയുമായി കാനഡയും ഇ.യുവും
text_fieldsവാഷിങ്ടൺ: യു.എസിൽ ഇറക്കുമതി ചെയ്യുന്ന ഉരുക്കിനും അലൂമിനിയത്തിനും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ബുധനാഴ്ചയോടെ പ്രാബല്യത്തിൽ. അമേരിക്കയിൽ ഉപഭോക്തൃ, വ്യവസായ ഉൽപന്നങ്ങൾക്ക് വില കുത്തനെ ഉയർത്തുന്നതാണ് നടപടി. തിരിച്ചടിയായി യു.എസ് ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂനിയനും കാനഡയും അധിക തീരുവ പ്രഖ്യാപിച്ചു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ചൈനയും അറിയിച്ചു.
യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 2880 കോടി ഡോളറിന്റെ (ഏകദേശം രണ്ടര ലക്ഷം കോടി രൂപ) ഉൽപന്നങ്ങൾക്കാണ് യൂറോപ്പിൽ തീരുവ നടപ്പാക്കുക. അമേരിക്കൻ നിർമിത ബോട്ടുകൾ മുതൽ വിസ്കിക്കു വരെ തീരുവ ഒടുക്കേണ്ടിവരുമെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ പറഞ്ഞു.
ഉരുക്ക്, കമ്പ്യൂട്ടർ, കായിക ഉപകരണങ്ങൾ തുടങ്ങി 3000 കോടി ഡോളറിന്റെ (2,61,584 കോടി രൂപ) ഉൽപന്നങ്ങൾക്കാണ് കാനഡ നികുതി ചുമത്തുക. ട്രംപ് അധികാരമേറിയ ഉടൻ ഒപ്പുവെച്ച പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്കുമേൽ തീരുവ പ്രഖ്യാപനം. അതിന്റെ തുടർച്ചയായാണ് ബുധനാഴ്ച യു.എസിന്റെ എല്ലാ വ്യാപാര പങ്കാളികൾക്കും ഉരുക്ക്, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ബാധകമാക്കിയത്. കാനഡ, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നാണ് യു.എസ് ഉരുക്ക് കൂടുതൽ ഇറക്കുമതി നടത്തുന്നത്. ചൈനയിൽനിന്നുള്ള എല്ലാ ഉൽപന്നങ്ങൾക്കും തീരുവ 20 ശതമാനമാക്കി ഉയർത്തിയിരുന്നു.
പടർന്നുപിടിച്ച് ബഹിഷ്കരണ സമരം
ലണ്ടൻ: ലോകത്തിനെതിരെ തീരുവ പ്രഖ്യാപിച്ചും കാനഡയും ഗ്രീൻലൻഡുമടക്കം പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ചും ഡോണൾഡ് ട്രംപ് നടത്തുന്ന നീക്കങ്ങൾക്കെതിരെ ബഹിഷ്കരണ സമരം തീവ്രതയാർജിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലാണ് അമേരിക്കൻ ഉൽപന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനങ്ങൾ ജനകീയമായി മാറുന്നത്. ട്രംപിന്റെ വിശ്വസ്തനും ഭരണപങ്കാളിയുമായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കാറുകളുടെ വിൽപന യൂറോപ്പിൽ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. മക്ഡൊണാൾഡ്സ്, കൊക്കക്കോള, നൈകി, ലെവീസ് തുടങ്ങിയ ഉൽപന്നങ്ങൾ മാത്രമല്ല, നെറ്റ്ഫ്ലിക്സ്, ഗൂഗ്ൾ, എയർ ബി.എൻ.ബി തുടങ്ങിയ ഓൺലൈൻ സേവനങ്ങളും ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ഫേസ്ബുക്ക് ഗ്രൂപ്പുകൾ സജീവമാണ്.
കാനഡയിലാണ് ബഹിഷ്കരണം ഏറ്റവും സജീവമായത്. രാജ്യത്തെ മിക്ക കേന്ദ്രങ്ങളിലും അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യവും മറ്റ് ഉൽപന്നങ്ങളും പിൻവലിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് യാത്രയും കുറഞ്ഞതായി കണക്കുകൾ പറയുന്നു. കടകൾക്ക് പുറത്ത് ഇവിടെ അമേരിക്കൻ ഉൽപന്നങ്ങൾ വിൽക്കുന്നില്ല എന്ന ബോർഡും ഉയർന്നുതുടങ്ങിയിട്ടുണ്ട്. നോർവേയിൽ പ്രമുഖ കപ്പൽ ഇന്ധന കമ്പനിയായ ഹാൾട്ട്ബാക്ക് യു.എസ് നാവിക സേനാ കപ്പലുകൾക്ക് ഇന്ധനം നൽകില്ലെന്ന് പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.