ജിൻപിങ് നേരിട്ടെത്തി; യു.എസ്- ചൈന ഭായ് ഭായ്, ഇളവ് ചെയ്തത് 3000 കോടി ഡോളർ തീരുവ
text_fieldsഹോങ്കോങ്: ഒരു പതിറ്റാണ്ടിനുശേഷം ആദ്യമായി യു.എസിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലെ ചർച്ചകളിൽ ‘വൻ തീരുവ കട്ട്’. ഇരുരാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന 3000 കോടി ഡോളർ വില വരുന്ന ചരക്കുകൾക്ക് തീരുവ ഇളവ് ചെയ്യും. ഒരുഘട്ടത്തിൽ 145 ശതമാനം വരെ പ്രഖ്യാപിച്ച തീരുവയിലാണ് വൻ ഇളവ്. ചൈനയിലെത്തുന്ന വസ്തുക്കളിൽ 1619 എണ്ണത്തിനാണ് ഇളവുണ്ടാകുക. കാർഷികോൽപന്നങ്ങൾ മുതൽ സൗന്ദര്യവർധക വസ്തുക്കൾ വരെയും കൽക്കരി മുതൽ മരം, മെഡിക്കൽ ഉപകരണങ്ങൾ വരെയും ഇളവ് ലഭിക്കുന്നവയിൽ ഉൾപ്പെടും.
ചൈന കയറ്റുമതി ചെയ്യുന്ന വെടിമരുന്ന്, കളിപ്പാട്ടങ്ങൾ, ഗ്ലാസ്, പന്ത് തുടങ്ങി 77 വിഭാഗങ്ങളിലാണ് യു.എസ് ഇളവ് ചെയ്യുക. 90 ശതമാനത്തിലേറെ ഉൽപന്നങ്ങൾക്കും ഇതോടെ തീരുവ ഒഴിവായെന്നും ലോക വ്യാപാര സംഘടന ചട്ടങ്ങൾ പ്രകാരമുള്ള തീരുവ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
പുതിയ കരാർ പ്രകാരം ചൈനീസ് വിപണിയിൽ യു.എസ് കാർഷികോൽപന്നങ്ങൾക്ക് കാര്യമായ പ്രവേശനം ലഭിക്കും. നിർമാതാക്കൾ, വ്യവസായികൾ, തൊഴിലാളികൾ എന്നിവർക്കും ഇളവ് അനുകൂലഘടകമാകും. യു.എസിൽ വിലകുറഞ്ഞ ഗാർഹികോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ ഇനി ചൈനീസ് ആധിപത്യം വരും. അതേസമയം, ഏറെ ചർച്ചകൾ നടന്ന ചിപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ എന്നിവ കരാറിന്റെ പരിധിയിൽ വരില്ല. ഈ വർഷം ആദ്യ ഏഴു മാസത്തിനിടെ യു.എസിൽനിന്ന് ചൈനയിലെത്തിയത് 6800 കോടി ഡോളർ (ഏകദേശം ആറര ലക്ഷം കോടി രൂപ) വില വരുന്ന വസ്തുക്കളാണ്. തിരിച്ച് യു.എസിലേക്ക് ചൈന കയറ്റിയയച്ചത് 27,000 കോടി ഡോളറിന്റെയും (ഏകദേശം 25,92,000 കോടി രൂപ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

