‘പീക്കി ബ്ലൈൻഡേഴ്സി’ലെ പോലെ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്നു; നാല് യുവാക്കളെ തടങ്കലിലാക്കി താലിബാൻ ഭരണകൂടം
text_fieldsപീക്കി ബ്ലൈൻഡേഴ്സിലെ കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച യുവാക്കൾ
കാബൂൾ: ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയായ 'പീക്കി ബ്ലൈൻഡേഴ്സി'ലെ കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്നതിന് നാല് യുവാക്കളെ താലിബാൻ ഭരണകൂടം ഹെറാത്തിൽ തടങ്കലിലാക്കി. ഇവരെ പുനരധിവാസ തടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്. ഷോയിൽ ഉള്ളത് പോലുള്ള ട്രെഞ്ച് കോട്ടുകൾ, ഫ്ലാറ്റ് തൊപ്പികൾ, സ്യൂട്ടുകൾ എന്നിവ ധരിച്ച് വിദേശ സംസ്കാരം പ്രോത്സാഹിപ്പിച്ചു എന്നാണ് ഈ യുവാക്കൾക്കെതിരെയുള്ള ആരോപണമെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇരുപതുകളുടെ തുടക്കത്തിലുള്ള അസ്ഗർ ഹുസൈനി, ജലീൽ യാക്കൂബി, അഷോർ അക്ബരി, ദാവൂദ് റാസ എന്നിവർ ജിബ്രായിൽ ടൗൺഷിപ്പിലെ തെരുവുകളിലൂടെ നടക്കുന്നത് പതിവായിരുന്നു.
ഇവർ ഇത്തരത്തിലുള്ള വേഷങ്ങൾ ധരിച്ചതിന്‍റെ വിഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്നാണ് താലിബാൻ സർക്കാറിന്റെ ദുരാചാര നിവാരണ മന്ത്രാലയം (സദ്‌ഗുണ പ്രോത്സാഹനത്തിനും ദുഷ്‌പ്രവൃത്തികൾ തടയുന്നതിനുമുള്ള മന്ത്രാലയം) ഇവരെ തടങ്കലിലാക്കിയത്. ചിലർ ഇവരെ ജെബ്രായേൽ ഷെൽബിമാർ എന്നും വിളിച്ചിരുന്നു. സിനിമയിലെ നടന്മാരെ അനുകരിച്ചതിനും അഫ്ഗാൻ മൂല്യങ്ങൾക്ക് വിരുദ്ധമായ ശൈലികൾ അവതരിപ്പിച്ചതിനുമാണ് ഈ യുവാക്കളെ അറസ്റ്റ് ചെയ്തതെന്നാണ് മന്ത്രാലയ വക്താവായ സൈഫ്-ഉർ-ഇസ്ലാം ഖൈബർ പറഞ്ഞത്.
‘ഞങ്ങൾക്ക് ഞങ്ങളുടേതായ മതപരവും സാംസ്കാരികവുമായ മൂല്യങ്ങളുണ്ട്. പ്രത്യേകിച്ച് വസ്ത്രധാരണത്തിന്, ഞങ്ങൾക്ക് പ്രത്യേക പരമ്പരാഗത ശൈലികളുണ്ട്’ ഖൈബർ പറഞ്ഞു. നാല് യുവാക്കളെയും പുനരധിവാസ പരിപാടിയിൽ ഉൾപ്പെടുത്തി എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, താലിബാൻ ഉദ്യോഗസ്ഥർ അവരെ വിളിച്ചുവരുത്തുകയും അവരുടെ പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും തുടർന്ന് വിട്ടയക്കുകയും ചെയ്തുവെന്നാണ് ഖൈബർ സി.ബി.എസ് ന്യൂസിനോട് പറഞ്ഞത്.
അവർ ധരിച്ച വസ്ത്രങ്ങൾക്ക് അഫ്ഗാൻ സ്വത്വം ഒട്ടുമില്ല. അത് ഞങ്ങളുടെ സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ല. രണ്ടാമതായി, അവരുടെ പ്രവൃത്തികൾ ഒരു ബ്രിട്ടീഷ് സിനിമയിലെ നടന്മാരെ അനുകരിക്കുന്നതായിരുന്നു. ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്. നിരവധി ത്യാഗങ്ങളിലൂടെ, ഞങ്ങൾ ഈ രാജ്യത്തെ ഹാനികരമായ സംസ്‌കാരങ്ങളിൽനിന്ന് സംരക്ഷിച്ചു. ഇപ്പോൾ ഞങ്ങൾ അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ആരെയെങ്കിലും പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യുകയാണെങ്കിൽ നല്ലതും നിയമപരവുമായ കാര്യങ്ങളിൽ മത പിതാക്കന്മാരെ പിന്തുടരണമെന്നും ഖൈബർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

