താലിബാൻ വിദേശ മന്ത്രി ഇന്ത്യയിലെത്തുന്നു;യാത്രാ വിലക്കുണ്ടായിരുന്ന മുത്തഖിക്ക് യു.എൻ രക്ഷാസമിതി യാത്രാനുമതി നൽകി
text_fieldsആമിർ ഖാൻ മുത്തഖി
ന്യൂഡൽഹി: അഫ്ഗാനിസ്താൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ താലിബാൻ വിദേശ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്തയാഴ്ച ഡൽഹിയിലെത്തും. യാത്രാ വിലക്കുണ്ടായിരുന്ന മുത്തഖിക്ക് യു.എൻ രക്ഷാസമിതി യാത്രാനുമതി നൽകിയെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. മുത്തഖി ഈ മാസം ഒമ്പത്,10 തീയതികളിൽ ഇന്ത്യയിലുണ്ടാകും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തും. താലിബാൻ സർക്കാറിനെ ഔദ്യോഗികമായി അംഗീകരിക്കാതെയാണ് ഇന്ത്യ അവരുടെ വിദേശ മന്ത്രിയെ സ്വീകരിക്കുന്നത്.
താലിബാൻ വിദേശ മന്ത്രിയുടെ യാത്രാ വിലക്ക് നീക്കാൻ ഇന്ത്യ യു.എന്നിനോട് അഭ്യർഥിച്ചോ എന്ന ചോദ്യത്തോട് ജയ്സ്വാൾ പ്രതികരിച്ചില്ല. താലിബാൻ ഭരണകൂടത്തോടുള്ള ഇന്ത്യയുടെ സമീപനം മാറിയോ എന്ന ചോദ്യത്തിന് അഫ്ഗാനിലെ ഇടക്കാല സർക്കാറുമായി ഇന്ത്യ ചർച്ച തുടരുകയാണെന്ന് മറുപടി നൽകി.
ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് യുദ്ധത്തിനായി ഡ്രോണുകൾ അയക്കുന്നുവെന്ന ആക്ഷേപങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ഇസ്രായേലിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാടിന് ഒരു മാറ്റവുമില്ലെന്നായിരുന്നു മറുപടി.
ഗസ്സയിലേക്കുള്ള സുമൂദ് ഫ്ലോട്ടില്ല തടഞ്ഞ് അതിലുള്ള സമാധാന സ്നേഹികളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ചുള്ള ചോദ്യത്തിനും വിദേശകാര്യ വക്താവ് ഈ മറുപടി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

