താലിബാൻ ഭരണത്തിന് അഞ്ച് വയസ്: പാകിസ്താനോട് അകന്ന് അഫ്ഗാനിസ്ഥാൻ; കാബൂളിൽ ചുവടുറപ്പിച്ച് ഇന്ത്യ
text_fieldsആമിർ ഖാൻ മുത്തഖി, എസ്. ജയശങ്കർ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം തിരിച്ചുപിടിച്ചിട്ട് അഞ്ച് വർഷം തികയുമ്പോൾ, ദക്ഷിണേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ നിർണായകമായ മാറ്റങ്ങൾക്കാണത് വഴിവെച്ചത്. ഒരു കാലത്ത് താലിബാന്റെ പ്രധാന തണലായിരുന്ന പാകിസ്ഥാനുമായി അതിർത്തി തർക്കങ്ങൾ രൂക്ഷമായപ്പോൾ, കാബൂളിലെ താലിബാൻ ഭരണകൂടവുമായി പ്രായോഗിക നയതന്ത്ര ബന്ധം ശക്തമാക്കി ഇന്ത്യ മേഖലയിൽ സ്വാധീനം ഉറപ്പിച്ചു. കാൽനൂറ്റാണ്ട് നീണ്ട യുദ്ധം അവസാനിച്ചെങ്കിലും, സ്ത്രീകളുടെ അവകാശ ധ്വംസനങ്ങളും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും അഫ്ഗാൻ ജനതയുടെ ജീവിതം ഇപ്പോഴും ദുസ്സഹമായി നിലനിർത്തുന്നുണ്ട്.
2021 ആഗസ്റ്റിൽ അധികാരം പിടിച്ചതിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണമായും പിൻവാങ്ങിയെങ്കിലും, തന്ത്രപരമായ നീക്കങ്ങളിലൂടെ ഇന്ത്യ കാബൂളിൽ തങ്ങളുടെ സാന്നിധ്യം നിലനിർത്തുകയായിരുന്നു. തുടക്കത്തിൽ മാനുഷിക സഹായങ്ങൾക്കായി ഒരു 'ടെക്നിക്കൽ മിഷനെ' മാത്രം അയച്ച ഇന്ത്യ, പിന്നീട് താലിബാൻ നേതൃത്വവുമായി ഉയർന്ന തലത്തിൽ ചർച്ചകൾ നടത്തി എംബസി പ്രവർത്തനം സജീവമാക്കി. അഫ്ഗാൻ ജനതയ്ക്ക് ഗോതമ്പും മരുന്നുകളും ദുരന്തനിവാരണ സഹായങ്ങളും എത്തിച്ചതിനൊപ്പം, ഇറാനിലെ ചാബഹാർ തുറമുഖം വഴി പാകിസ്ഥാനെ ഒഴിവാക്കിയുള്ള വ്യാപാര പാത തുറക്കാനും ഇരുരാജ്യങ്ങൾക്കുമായി.
ഭരണകൂടത്തിന് ഔദ്യോഗിക നിയമപരമായ അംഗീകാരം ഇന്ത്യ ഇതുവരെ നൽകിയിട്ടില്ലെങ്കിലും, സുരക്ഷാ-സാമ്പത്തിക താല്പര്യങ്ങൾ മുൻനിർത്തിയുള്ള സജീവ പ്രവർത്തന ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഇന്ത്യയ്ക്കെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് അഫ്ഗാൻ മണ്ണ് വിട്ടുകൊടുക്കില്ലെന്ന താലിബാന്റെ ഉറപ്പ് ഇന്ത്യയ്ക്ക് സുരക്ഷാപരമായി വലിയ ആശ്വാസമാണ്. മറുവശത്ത്, തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ ഭീകരരെച്ചൊല്ലി ഇസ്ലാമാബാദും കാബൂളും തമ്മിലുള്ള ബന്ധം എക്കാലത്തെയും മോശം അവസ്ഥയിലെത്തിയത് താലിബാനെ കൂടുതൽ ഇന്ത്യാ സൗഹൃദ നിലപാടിലേക്ക് അടുപ്പിച്ചു.
അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റത്തിന് ശേഷം മേഖലയിലെ സുരക്ഷയും നയതന്ത്ര ബന്ധങ്ങളും മുൻനിർത്തി താലിബാൻ പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചത് നിർണായക നീക്കമായി വിലയിരുത്തപ്പെടുന്നു. മുൻകാല നിലപാടുകളിൽ നിന്നുള്ള പ്രായോഗിക മാറ്റത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ചകളിൽ, കാബൂളിലെ ഇന്ത്യൻ പദ്ധതികളുടെ സുരക്ഷ, മധ്യേഷ്യയിലേക്കുള്ള വ്യാപാര ബന്ധങ്ങൾ, അഫ്ഗാൻ ജനതയ്ക്കുള്ള മാനുഷിക സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്.
ആഭ്യന്തര തലത്തിൽ അഴിമതി നിയന്ത്രിക്കാനും പോപ്പി കൃഷി വലിയ തോതിൽ കുറയ്ക്കാനും താലിബാന് സാധിച്ചെങ്കിലും, രാജ്യം കടുത്ത ഒറ്റപ്പെടലിലാണ്. ആറാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയതും സ്ത്രീകളെ തൊഴിൽ രംഗത്ത് നിന്ന് പൂർണമായി പുറത്താക്കിയതും വഴി ജനസംഖ്യയുടെ പകുതിയും നിഷ്‌ക്രിയമായി. പട്ടിണിയിലായ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും അന്താരാഷ്ട്ര സഹായങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. റഷ്യ, ചൈന, യു.എ.ഇ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി താലിബാൻ ധാരണയിലെത്തിയെങ്കിലും, മനുഷ്യാവകാശ ലംഘനങ്ങൾ കാരണം പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

