താലിബാനെ ഞെട്ടിച്ച് ഭരണകൂടത്തിനെതിരെ പുതിയ സായുധ ഗ്രൂപ്പ്; ബോർഡർ ഡിസ്ട്രിക്ട് ആസ്ഥാനം പിടിച്ചെടുത്തു, പിന്നീട് പിൻവാങ്ങി
text_fieldsപ്രതീകാത്മക ചിത്രം (ഫയൽ ഫോട്ടോ)
കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും താലിബാൻ അധികാരമേറ്റെടുത്ത ശേഷം ആദ്യമായി, ഒരു ജില്ലാ ഭരണകൂട ആസ്ഥാനം താലിബാന്റെ നിയന്ത്രണത്തിൽ നിന്ന് സായുധ പ്രതിരോധ ഗ്രൂപ്പ് താൽകാലികമായി പിടിച്ചെടുത്തു. വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലെ ബദഖ്ശാൻ പ്രവിശ്യയിൽ പാകിസ്താൻ, ചൈന, ഇന്ത്യ, താജിക്കിസ്താൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന തന്ത്രപ്രധാനമായ യാഫ്തൽ-ഇ-പായീൻ ജില്ലാ ആസ്ഥാനമാണ് താലിബാൻ വിരുദ്ധർ മണിക്കൂറുകളോളം അധീനതയിലാക്കിയത്.
ജൂലൈ 17 വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ‘സെപാഹിയാനെ മിഹാൻ’ എന്ന പുതുതായി രൂപവത്കരിച്ച സായുധ സംഘടനയുടെ ഡസൻ കണക്കിന് പോരാളികൾ ചേർന്ന് താലിബാൻ സുരക്ഷാ ജീവനക്കാരെ നിരായുധരാക്കുകയും ജില്ലാ ഭരണകൂട കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സ്വന്തം പതാക ഉയർത്തുകയുമായിരുന്നു. ഏതാനും മണിക്കൂറുകൾ കെട്ടിടം തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തിയ ശേഷം ഇവർ അവിടെനിന്ന് പിൻവാങ്ങി.
സംഭവം സ്ഥിരീകരിച്ച താലിബാൻ അധികൃതർ ആക്രമണത്തെ ലഘൂകരിച്ചു കാണിക്കാൻ ശ്രമിച്ചു. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ അവധിയിലായിരുന്ന സമയത്താണ് ആക്രമണം നടന്നതെന്നും പ്രദേശവാസികളായ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തതായും സുരക്ഷാ സേന ഉടൻ തന്നെ എത്തി പ്രദേശം തിരിച്ചുപിടിച്ചതായും താലിബാൻ അറിയിച്ചു.
ചോദ്യം ചെയ്യലിൽ പ്രതികൾ തങ്ങൾ ‘സെപാഹിയാനെ മിഹാൻ’ അംഗങ്ങളാണെന്ന് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രാദേശിക ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ഉത്തരവാദിത്തമില്ലായ്മയും ഉണ്ടായിട്ടുണ്ടെന്നും, പിടിയിലായവരെ ആവശ്യമാണെങ്കിൽ കൂടുതൽ ചോദ്യം ചെയ്യലിനായി കാബൂളിലേക്ക് മാറ്റുമെന്നും ബദഖ്ശാൻ പ്രൊവിൻഷ്യൽ പൊലീസ് കമാൻഡ് വക്താവ് ഇഹ്സാനുള്ള കാംഗർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ബദഖ്ശാൻ സന്ദർശിച്ച താലിബാൻ സൈനിക ചീഫ് ഓഫ് സ്റ്റാഫ് ഖാരി ഫസീഹുദ്ദീൻ ഫിത്റത്ത്, ഈ നീക്കത്തെ കേവലം പ്രചാരണ തന്ത്രമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു.
എൻ.ആർ.എഫ്, ഫ്രീഡം ഫ്രണ്ട് അല്ലെങ്കിൽ സിപാഹിയാനെ മിഹാൻ എന്നിങ്ങനെ പേരുകൾ മാറ്റി മാറ്റി വന്ന് കേവലം വാർത്തകളിൽ ഇടംപിടിക്കാനും പതാക ഉയർത്താനും മാത്രമാണ് ഇത്തരം ഗ്രൂപ്പുകൾ ശ്രമിക്കുന്നതെന്നും, താലിബാൻ സുരക്ഷാ സേനയെ നേരിടാൻ ഇവർക്ക് ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ പങ്കുണ്ടാകാമെന്നും ഫിത്റത്ത് സൂചിപ്പിച്ചു.
എന്താണ് ‘സെപാഹിയാനെ മിഹാൻ’ ?
ഇതുവരെ അഫ്ഗാൻ രാഷ്ട്രീയ-സൈനിക രംഗത്ത് ശ്രദ്ധിക്കപ്പെടാതിരുന്ന പുതിയൊരു സംഘടനയാണ് ‘സെപാഹിയാനെ മിഹാൻ‘. സിമുർഗ് പക്ഷി, സൂര്യൻ, ഹിന്ദുകുഷ് പർവതനിരകൾ, വൈഡൂര്യം (ലാപിസ് ലാസുലി), വാൾ, നക്ഷത്രം എന്നിവയുൾപ്പെട്ട ഇവരുടെ പതാകയിലെ ചിഹ്നങ്ങൾ അഫ്ഗാന്റെ ചരിത്രത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.
മുൻ അഫ്ഗാൻ നാഷണൽ ആർമി ഓഫിസറും യു.എസ് ഡെൽറ്റാ ഫോഴ്സിനൊപ്പം പരിശീലനം നേടി പോരാടുകയും ചെയ്ത ഖയൂം ഖാൻ മലങ് (യഥാർഥ പേര്: അബ്ദുൽ ഖയൂം ഷികാരി) ആണ് ഈ ഗ്രൂപ്പിന്റെ തലവൻ. 2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ അഹമ്മദ് മസൂദിന്റെ നാഷണൽ റസിസ്റ്റൻസ് ഫ്രണ്ടിൽ ചേർന്ന് പഞ്ചശീറിൽ പോരാടിയ ഇദ്ദേഹം, പിന്നീട് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പിരിഞ്ഞ് സ്വന്തം സംഘടന രൂപവത്കരിക്കുകയായിരുന്നു.
2021 ആഗസ്റ്റിനു ശേഷം മുമ്പ് നിലനിന്നിരുന്ന പോലെ താലിബാനും പ്രതിരോധ ഗ്രൂപ്പുകളും തമ്മിൽ പ്രവിശ്യകളുടെ നിയന്ത്രണം കൈമാറുന്ന രീതി ഇല്ലാതായിരുന്നു. എന്നാൽ, ഈ സംഭവം നിലവിലെ ഭരണകൂടത്തിനെതിരെ അഫ്ഗാനിസ്താനിൽ ചെറുത്തുനിൽപ്പുകൾ കനക്കുന്നതിന്റെയും സായുധ പ്രതിരോധ ഗ്രൂപ്പുകൾ പുതിയ രൂപത്തിൽ തിരിച്ചുവരുന്നതിന്റെയും സൂചനയായി വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

