‘ചൂതാട്ടത്തിന് ഇടയാക്കും’; അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ
text_fieldsകാബൂൾ: ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെ തുടർന്ന് താലിബാൻ സർക്കാർ അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച് താലിബാന്‍റെ കായിക ഡയറക്ടറേറ്റ് അനിശ്ചിത കാലത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ശരിഅത്ത് നിയമപ്രകാരം ചെസ്സിനെ ചൂതാട്ടമായാണ് കണക്കാക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതു വരെ വിലക്ക് തുരുമെന്നും കായിക വകുപ്പ് വക്താവ് അത്താൽ മശ്വാനി പറഞ്ഞു. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലേറിയതിനു പിന്നാലെ പല കായികയിനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സ്ത്രീകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ആ രാജ്യത്ത് വിലക്കുണ്ട്. മിക്സ്ഡ് മാർഷ്യൽ ആർട്സ് (എം.എം.എ) പോലുള്ള ഫ്രീഫൈറ്റിങ് മത്സരങ്ങൾ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു.
സമീപകാലത്ത് അഫ്ഗാനിസ്താനിൽ ചെസ്സിന് വലിയ പ്രചാരം ലഭിച്ചിരുന്നു. കൂടുതൽ മികച്ച പരിശീലനവും അവസരങ്ങളും സാമ്പത്തിക സഹായവും വേണമെന്ന് ആവശ്യപ്പെട്ട് ചെസ്സ് താരങ്ങൾ കായിക ഡയറക്ടറേറ്റിനെ സമീപിച്ചിരുന്നു. എന്നാൽ കായിക ഇനത്തെ അപ്പാടെ നിരോധിക്കാനുള്ള തീരുമാനമാണ് അധികൃതരിൽനിന്ന് വന്നത്. സർക്കാർ തീരുമാനത്തിന് അഫ്ഗാനിസ്താനിൽ സമ്മിശ്ര പ്രതികരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

