കിഴക്കൻ അഫ്ഗാനിൽ താലിബാനെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ
text_fieldsകാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിൽ താലിബാെൻറ വാഹനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം. രണ്ട് താലിബാൻ അംഗങ്ങളും മൂന്ന് തദ്ദേശവാസികളും കൊല്ലപ്പെട്ടു. ജലാലാബാദിൽ താലിബാെൻറ വാഹനങ്ങൾക്കുനേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ചെറിയ കുട്ടിയുമുണ്ട്. ജലാലാബാദിൽ സമാനരീതിയിൽ നടന്ന മറ്റൊരാക്രമണത്തിൽ കുട്ടി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ വ്യക്തി താലിബാൻ അംഗമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐ.എസ് ഭീകരർക്ക് സ്വാധീനമുള്ള മേഖലയാണ് കിഴക്കൻ അഫ്ഗാൻ.
കഴിഞ്ഞാഴ്ച ജലാലാബാദിൽ താലിബാൻ സേനാംഗങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. താലിബാനും ഐ.എസും ശത്രുക്കളാണ്. താലിബാൻ അധികാരമേറ്റതിനുപിന്നാലെ ആഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിനടുത്ത് ഐ.എസ് നടത്തിയ ചാവേറാക്രമണത്തിൽ 170ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

