
'ആ അരുംകൊല നടത്തിയത് ഞങ്ങൾതന്നെ'; അഫ്ഗാൻ കൊമേഡിയനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് താലിബാൻ
text_fieldsകാബൂൾ: അഫ്ഗാൻ നഗരമായ കാണ്ഡഹാറിൽ പ്രശസ്ത കൊമേഡിയൻ നാസർ മുഹമ്മദ് എന്ന ഖഷ സ്വാനെ മൃഗീയമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റമേറ്റ് താലിബാൻ. വീട്ടിൽനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നിരവധി തവണ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ ഇദ്ദേഹത്തിന് ഇരുവശത്തും നിന്ന് മുഖത്തടിക്കുകയും മർദിക്കുകയും ചെയ്ത രണ്ടുപേരും സ്വന്തം അണികൾ തന്നെയാണെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തെന്നും വിചാരണ നടത്തുമെന്നും കൂട്ടിച്ചേർത്തു.
അഫ്ഗാൻ നാഷനൽ പൊലീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഖഷ സ്വാൻ സമൂഹ മാധ്യമമായ ടിക് ടോകിൽ നിറഞ്ഞുനിന്ന ജനപ്രിയ താരമായിരുന്നു. പൊലീസ് സേവന കാലത്ത് സ്വന്തം അണികളെ മർദിച്ച് കൊലപ്പെടുത്തിയെന്ന ആരോപണവും താലിബാൻ ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. പിടികൂടി താലിബാൻ കോടതിക്കു മുമ്പാകെ ഹാജരാക്കുകയാണ് വേണ്ടിയിരുന്നതെന്നും കൊലപ്പെടുത്തരുതായിരുന്നുവെന്നുമാണ് ഏറ്റവുമൊടുവിലെ തിരുത്തൽ.
അഫ്ഗാൻ സർക്കാർ ജീവനക്കാർക്കു നേരെ താലിബാൻ പ്രതികാരം കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് ഇദ്ദേഹത്തിന്‍റെ കൊലപാതകം. പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് നേരത്തെ താലിബാൻ പ്രഖ്യാപിച്ചിരുന്നു.
യു.എസ് പിൻമാറ്റം പൂർത്തിയാകാനടുത്ത അഫ്ഗാനിസ്താനിൽ ഒട്ടുമിക്ക മേഖലകളിലും താലിബാൻ പിടിമുറുക്കിയിട്ടുണ്ട്. കാബൂളും വൈകാതെ വീഴുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
