Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'യൂനിഫോം അഴിച്ചുവെച്ച്...

'യൂനിഫോം അഴിച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ'; അസിം മുനീറിനെ വെല്ലുവിളിച്ച് പാകിസ്താൻ എം.പി

text_fields
bookmark_border
യൂനിഫോം അഴിച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ; അസിം മുനീറിനെ വെല്ലുവിളിച്ച് പാകിസ്താൻ എം.പി
cancel

ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി ജമിയത്ത് ഉലമാ-ഇ-ഇസ്‌ലാം -എഫ്(ജെ.യു.ഐ-എഫ്) അധ്യക്ഷനും ദേശീയ അസംബ്ലി അംഗവുമായ മൗലാന ഫസ്ലുർ റഹ്മാൻ. രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ ആഗ്രഹമുണ്ടെങ്കിൽ സൈന്യത്തിൽ നിന്ന് രാജിവെച്ച് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് ഫസ്ലുർ റഹ്മാൻ സൈന്യം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയാണെന്ന് ആരോപിക്കുകയും പ്രതിരോധ-സുരക്ഷാ വിഷയങ്ങൾക്കപ്പുറം സൈന്യത്തിന്റെ സ്വാധീനം വർധിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തത്. "രാഷ്ട്രീയമാണ് ആഗ്രഹമെങ്കിൽ ആദ്യം യൂനിഫോം അഴിച്ചുവെച്ച് രാഷ്ട്രീയത്തിലേക്ക് വരൂ. തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. അപ്പോൾ യൂണിഫോം ധരിച്ച ഒരാൾക്ക് എത്ര വോട്ട് ലഭിക്കുമെന്ന് നമുക്ക് കാണാം" ഫസ്ലുർ റഹ്മാൻ പറഞ്ഞു.

പാകിസ്താനിൽ സൈന്യത്തിന്റെ സ്വാധീനം ഇനി തിരശ്ശീലക്ക് പിന്നിൽ മാത്രം ഒതുങ്ങുന്നില്ലെന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ പരാമർശം. രാജ്യത്തെ അധികാരഘടന കൂടുതൽ വ്യക്തമായി സായുധ സേനയുടെ ആധിപത്യത്തിലേക്ക് മാറിയിരിക്കുകയാണെന്നും, സിവിലിയൻ സ്ഥാപനങ്ങളിലുള്ള സൈനിക സ്വാധീനം ഔപചാരികമായി ശക്തിപ്പെട്ടുവരുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

സൈനിക മേധാവി അസിം മുനീർ പാകിസ്താനിലെ ഏറ്റവും ശക്തനായ വ്യക്തിയായി ഉയർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ പോലും മറികടന്ന് ആഭ്യന്തര രാഷ്ട്രീയത്തിലും അന്താരാഷ്ട്ര വേദികളിലും അദ്ദേഹത്തിന്റെ സ്വാധീനം വർധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുനീറിനെതിരെ വിമർശനം കടുപ്പിച്ച ഫസ്ലുർ റഹ്മാൻ, രാജ്യത്ത് ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് സൈന്യത്തിന്റെ ജോലിയല്ലെന്ന് വ്യക്തമാക്കി. "നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് സർക്കാർ നൽകാനും ഇഷ്ടമുള്ളപ്പോൾ സർക്കാരുകളെ അധികാരത്തിൽ നിന്ന് മാറ്റാനും കഴിയും എന്ന് നിങ്ങൾ കരുതുന്നു. എന്നാൽ ആരാണ് സർക്കാർ രൂപീകരിക്കേണ്ടത്, ആരാണ് അധികാരം വിടേണ്ടത് എന്നത് തീരുമാനിക്കുന്നത് സൈന്യത്തിന്റെ ജോലിയല്ല," അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വർധിച്ചുവരുന്ന ജനസംഖ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്ന ഉന്നതതല സമിതിയിൽ അസിം മുനീറിനെ ഉൾപ്പെടുത്താൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തീവ്രവാദത്തെയും സായുധ സംഘങ്ങളെയും നേരിടാൻ സാധാരണ ജനങ്ങൾ ആയുധമെടുക്കുകയോ സായുധസംഘങ്ങളെ രൂപീകരിക്കുകയോ വേണമെന്ന അഭിപ്രായത്തെയും ഫസ്ലുർ റഹ്മാൻ ശക്തമായി എതിർത്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും സായുധ സേനയുടെയും ഉത്തരവാദിത്തമാണെന്നും, അതിനുവേണ്ടിയാണ് സൈനികർക്ക് ശമ്പളം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങളുടെ സൈനികർ വീരമൃത്യു വരിക്കുന്നു എന്ന് നിങ്ങൾ പറയുന്നു. രാജ്യത്തിന്റെ സുരക്ഷക്കായി പോരാടാനാണ് അവർ യൂണിഫോം ധരിക്കുകയും ശമ്പളം വാങ്ങുകയും ചെയ്യുന്നത്. അവരുടെ ശമ്പളം ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് നൽകുന്നത്. അതിനാൽ അവരുടെ കടമ സാധാരണ ജനങ്ങളുടെ മേൽ ചുമത്താനാവില്ല," അദ്ദേഹം വ്യക്തമാക്കി.

സാധാരണ ജനങ്ങളെ ആയുധധാരികളാക്കുന്നത് രാജ്യത്തെ തലമുറകളോളം നീളുന്ന പ്രതികാര രാഷ്ട്രീയത്തിലേക്കും അക്രമ സംസ്കാരത്തിലേക്കും തള്ളിവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "നിങ്ങൾ ഒരുദിവസം ഇവിടെ നിന്ന് പോകും. എന്നാൽ നിങ്ങളുടെ തീരുമാനങ്ങളുടെ പ്രത്യാഘാതം ഈ നാട്ടിലെ ജനങ്ങൾ തലമുറകളോളം അനുഭവിക്കേണ്ടിവരും. അതിലൂടെ രാജ്യം അവസാനമില്ലാത്ത രക്തച്ചൊരിച്ചിലിലേക്കും അക്രമത്തിലേക്കുമാണ് നീങ്ങുക," അദ്ദേഹം പറഞ്ഞു.

ബലൂചിസ്ഥാനിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും ഫസ്ലുർ റഹ്മാൻ ആശങ്ക പ്രകടിപ്പിച്ചു. ബലൂച് ഭൂരിപക്ഷ പ്രദേശങ്ങളുടെ വലിയൊരു ഭാഗത്ത് പാകിസ്താൻ സർക്കാരിന്റെ നിയന്ത്രണം ഫലപ്രദമായി ഇല്ലാതായെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ അശാന്തി പ്രധാനമായും ബലൂച് മേഖലകളിൽ കേന്ദ്രീകരിച്ചിരുന്നെങ്കിലും, ഇപ്പോൾ പഷ്തൂൺ മേഖലകളിലേക്കും അക്രമം വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistan armyelectionsPakistan PoliticsPakistanAsim Munir
News Summary - "Take off your uniform and contest elections": Pakistani MP challenges Asim Munir
Next Story