തായ്‌വാനെ ആക്രമിച്ചാൽ സൈന്യത്തെ ഇറക്കുമെന്ന് തകായിച്ചി; ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരൻമാരോട് ചൈന
text_fieldsബെയ്ജിങ്: ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുടർന്നുണ്ടായ നയതന്ത്ര സംഘർഷത്തെത്തുടർന്ന് ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരന്മാർക്ക് ചൈനയുടെ മുന്നറിയിപ്പ്. തായ്‌വാനിൽ ചൈനീസ് ആക്രമണം ഉണ്ടായാൽ സൈന്യത്തെ വിന്യസിക്കാനുള്ള സാധ്യതയെക്കുറിച്ച് പുതിയ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി നടത്തിയ ഭീഷണിയെത്തുടർന്നാണിത്.
വിദേശകാര്യ മന്ത്രാലയവും ജപ്പാനിലെ ചൈനീസ് എംബസിയും കോൺസുലേറ്റുകളും സമീപഭാവിയിൽ ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ചൈനീസ് പൗരന്മാരെ ഓർമിപ്പിക്കുന്നുവെന്നും ജപ്പാനിലെ ചൈനീസ് പൗരന്മാരുടെ വ്യക്തിപരമായ സുരക്ഷക്കും ജീവിതത്തിനും ഈ സാഹചര്യം കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്നും ഓൺലൈനിലെ ‘പോസ്റ്റിൽ’ ചൈനീസ് അധികൃതർ പറഞ്ഞു.
എന്നാൽ, ചൈനയുടെ ആഹ്വാനം തന്ത്രപരവും പരസ്പര പ്രയോജനകരവുമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് വിരുദ്ധമാണ് എന്ന് ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര പ്രതികരിച്ചു.
ചൈന അവകാശപ്പെടുന്ന സ്വയംഭരണ ദ്വീപായ തായ്‍വാനെതിരായ ബലപ്രയോഗം ടോക്കിയോയിൽ നിന്ന് സൈനിക പ്രതികരണം ഉണ്ടാക്കുമെന്ന് തകായിച്ചി കഴിഞ്ഞ ആഴ്ച ജാപ്പനീസ് പാർലമെന്റിൽ പറഞ്ഞിരുന്നു. തായ്‌വാനെ തങ്ങളുടെ പ്രദേശമായി അവകാശപ്പെടുന്ന ബെയ്ജിങ്, ഈ പരാമർശങ്ങളെ പ്രകോപനപരമെന്ന് അപലപിച്ചു. ജപ്പാന്റെ അംബാസഡറെ വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് ടോക്കിയോയും ചൈനയുടെ അംബാസഡറെ വിളിച്ചുവരുത്തി. ജാപ്പനീസ് ദ്വീപിൽ നിന്ന് 110 കിലോമീറ്റർ മാത്രം അകലെയുള്ള തായ്‌വാനിലെ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ജപ്പാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

