Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധികാരത്തിലേറിയതിനു...

അധികാരത്തിലേറിയതിനു പിന്നാലെ അപൂർവ ധാതുക്കളുടെ വിതരണ കരാറിൽ ഒപ്പുവെച്ച് തകായിച്ചിയും ട്രംപും

text_fields
bookmark_border
അധികാരത്തിലേറിയതിനു പിന്നാലെ അപൂർവ ധാതുക്കളുടെ വിതരണ കരാറിൽ ഒപ്പുവെച്ച് തകായിച്ചിയും ട്രംപും
cancel

ടോക്കിയോ: പുതുതായി അധികാരമേറ്റ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും വലതുപക്ഷക്കാരിയുമായ സനേ തകായിച്ചിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നിർണായക ധാതുക്കളുടെയും അപൂർവ ലോഹങ്ങളുടെയും വിതരണത്തിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. സൈനിക സഹകരണം ത്വരിതപ്പെടുത്താനും വ്യാപാരവുമായും നിർണായക ധാതുക്കളുമായും ബന്ധ​പ്പെട്ട കരാറുകളിൽ ഒപ്പുവെക്കാനുമുള്ള അവരുടെ താൽപര്യത്തെ ട്രംപ് സ്വാഗതം ചെയ്തു.

സ്മാർട്ട്‌ഫോണുകൾ മുതൽ യുദ്ധവിമാനങ്ങൾ വരെയുള്ള വിവിധ ഉൽപന്നങ്ങളുടെ നിർമാണത്തിന് അനിവാര്യമായ വസ്തുക്കളിൽ ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ രാജ്യങ്ങൾ ശ്രമിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളുമായി യു.എസ് മുന്നേറുന്നത്. നിർണായക ധാതുക്കളുടെയും അപൂർവ ഭൗമ ലോഹങ്ങളുടെയും ശേഷി കൈവരിക്കുന്നതിലും വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യ​മെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സന്ദർശനത്തിലുള്ള ഡോണൾഡ് ട്രംപ്, ജപ്പാനിലെ ടോക്കിയോയിലെ അകാസാക്ക കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി യോഗത്തിലാണ് തകായിച്ചിയുമായി കൂടിക്കാഴ്ച നടത്തുകയും ഒപ്പുവെക്കുകയും​ ചെയ്തത്.ഒരു ‘മികച്ച’ നേതാവെന്ന് പറഞ്ഞ് ട്രംപ് തകായിച്ചിയെ പ്രശംസിച്ചു. ‘ഇത് വളരെ ശക്തമായ ഒരു ഹസ്തദാനം’ ആണെന്നും അകാസാക്ക കൊട്ടാരത്തിൽ ഇരുവരും ഫോട്ടോകൾക്ക് പോസ് ചെയ്യവെ ട്രംപ് പറഞ്ഞു.

ട്രംപിന്റെ സുഹൃത്തും ഗോൾഫ് പങ്കാളിയുമായ അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത സഖ്യകക്ഷിയാണ് തകായിച്ചി. ‘ഷിൻസോയിൽ നിന്നും മറ്റുള്ളവരിൽ നിന്നും താങ്കളെ എനിക്ക് നന്നായറിയാം. നിങ്ങൾ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരിക്കും. ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായതിന് നിങ്ങളെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതൊരു വലിയ കാര്യമാണെ’ന്നും ട്രംപ് തകായിച്ചിയോട് പറഞ്ഞു. തകായിച്ചി ട്രംപിന് സുവർണ ഇലകളുള്ള ഗോൾഫ് ബാളും ഗോൾഫ് ബാഗും സമ്മാനമായി നൽകി.

കരാറനുസരിച്ച്, തകായിച്ചി യു.എസിന് ഈ വർഷം 550 ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജ് വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ കപ്പൽ നിർമാണവും യു.എസ് സോയാബീൻ, പ്രകൃതിവാതകം, പിക്ക് അപ്പ് ട്രക്കുകൾ എന്നിവയുടെ വാങ്ങലുകളും ഉൾപ്പെടുന്നുവെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു.

അധികരമേറ്റെടുത്ത ഉടൻ പ്രതിരോധ ചെലവ് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ രണ്ട് ശതമാനമായി വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന് തകായിച്ചി പ്രതിജ്ഞയെടുത്തിരുന്നു. കൂടുതൽ യു.എസ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള ജപ്പാന്റെ ശ്രമങ്ങളെയും ട്രംപ് പ്രശംസിച്ചു. കംബോഡിയക്കും തായ്‌ലൻഡിനും ഇടയിലും ഇസ്രായേലിനും ഫലസ്തീൻ ഗ്രൂപ്പുകൾക്കും ഇടയിലും വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ ട്രംപിന്റെ പങ്കിനെ തിരിച്ച് തകായിച്ചിയും പ്രശംസിച്ചു. ‘ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ലോകം കൂടുതൽ സമാധാനം ആസ്വദിക്കാൻ തുടങ്ങി’ എന്ന് തകായിച്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2022ൽ കൊല്ലപ്പെട്ട ആബെയുമായി ചർച്ച നടത്തുന്നതിനായി 2019ലാണ് യു.എസ് പ്രസിഡന്റ് അവസാനമായി ജപ്പാനിൽ എത്തിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumprare earth minarlsSanae Takaichijapan-us
News Summary - Takaichi and Trump sign rare earth supply deal after taking office
Next Story