ഇന്റർപോളിൽ അംഗത്വം നേടാൻ ഇന്ത്യയുടെ സഹായം വേണമെന്ന് തയ്‍വാൻ
text_fieldsന്യൂഡൽഹി: ഇന്റർപോളിൽ അംഗത്വം നേടാൻ ഇന്ത്യയുടെ സഹായം വേണമെന്ന ആവശ്യവുമായി തായ്‍വാൻ. യു.എസ് അധികൃതരുടെ സന്ദർശനത്തിന് പിന്നാലെ ചൈന തയ്‍വാനടുത്ത് സൈനികാഭ്യാസങ്ങൾ തുടരുന്നതിനിടെയാണ് ആവശ്യം. സ്വന്തം ആവശ്യങ്ങൾക്കായി ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷ(ഇൻർപോൾ)നെ ചൈന ദുരുപയോഗം ചെയ്യുകയാണെന്ന് തയ്‍വാൻ ആരോപിച്ചു.
2016 മുതൽ സാമ്പത്തികമായ അധികാരം ഉപയോഗിച്ച് ചൈന ഇന്റർപോളിനെ നിയന്ത്രിക്കുകയാണ്. തയ്‍വാൻ ഇന്റർപോളിലെ അംഗരാജ്യമല്ല. എന്നാൽ, ആതിഥേയ രാജ്യമെന്ന നിലക്ക് ഇന്ത്യക്ക് ഞങ്ങളെ ക്ഷണിക്കാനാവും. ഇന്ത്യയും മറ്റുരാജ്യങ്ങളും തയ്‍വാനെ അതിഥിയായി ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്മീഷണർ ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ബ്യൂറോ പ്രതികരിച്ചു.
ഇന്റർപോളിന്റെ 90ാമത് ജനറൽ അസംബ്ലി ഒക്ടോബറിൽ ഇന്ത്യയിലാണ് നടക്കുന്നത്. അതേസമയം, തയ്‍വാന് സമീപത്ത് ചൈനയുടെ സൈനികാഭ്യാസങ്ങൾ ഇപ്പോഴും തുടരുകയാണ്. തങ്ങളുടെ സമീപ പ്രദേശങ്ങളിൽ ആറോളം കപ്പലുകളും 51ഓളം എയർക്രാഫ്റ്റുകളും കണ്ടെത്തിയെന്നാണ് തയ്‍വാൻ കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം, ഏത് വെല്ലുവിളിയും നേരിടാൻ തയ്‍വാൻ തയാറാണെന്ന് രാജ്യത്തിന്റെ എയർ ഡിഫൻസ് ഓഫീസർ ചെൻ തി-ഹുവാൻ അറിയിച്ചു.