അസദിന്റെ പതനത്തിനുശേഷം സിറിയയിലെ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിലെന്ന് റിപ്പോർട്ട്
text_fieldsദമസ്കസ്: കഴിഞ്ഞ വർഷം ഡിസംബറിൽ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ പതനത്തിനുശേഷം സിറിയ വീണ്ടും അശാന്തിയിൽ പതിച്ചുവെന്ന സൂചനകൾ നൽകുന്ന റിപ്പോർട്ടുകൾ പുറത്ത്. ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്.ടി.എസ്) ഭരണകൂടത്തിനു കീഴിൽ അസദ് അനുകൂലികളായ അലവി വിഭാഗക്കാർ ഭയത്തിൽ കഴിയുന്നതായി ബി.ബി.സിയാണ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ നേതൃത്വം തങ്ങളെ സംരക്ഷിച്ചേക്കില്ല എന്ന ഭയത്തിലും വിശ്വാസത്തിലുമാണ് ഇവിടുത്തെ അലവി, കൃസ്ത്യൻ സമൂഹങ്ങൾ എന്ന് ബി.ബി.സി ചൂണ്ടിക്കാണിക്കുന്നു.
അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതോടെ സമാധാനം പുലരുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയാണ്. കൊലയാളികൾ സ്വൈരവിഹാരം നടത്തുന്ന കാഴ്ചയാണ്. പ്രതികാര ആക്രമണങ്ങളും വിഭാഗീയ കൊലപാതകങ്ങളും ഇതിനകം തന്നെ ദുർബലമാക്കിയ ഐക്യത്തെ കൂടുതൽ തകർക്കുന്നു. സമീപ മാസങ്ങളിൽ സിറിയയുടെ പല ഭാഗങ്ങളിലും മുഖംമൂടി ധരിച്ചുള്ള കൊലകൾ വ്യാപകമായിരിക്കുന്നു.
കഴിഞ്ഞ മാസം വിസാം ഷഫീഖ് മൻസൂർ എന്നീ ക്രിസ്തു മതവിശ്വാസികൾ കാപ്പി കുടിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ അവരുടെ മേൽ ഒരു വെടിയുണ്ട പതിച്ചു. മോട്ടോർ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച ഒരാളായിരുന്നു അക്രമി. അടുത്തുള്ള ഗ്രാമത്തിൽ നിന്നാണ് തോക്കുധാരി വന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
വിസാമിന്റെ ശവപ്പെട്ടിയിൽ നിന്ന് അൽപം അകലെ ഇരുന്നുകൊണ്ട് അദ്ദേഹത്തിന്റെ പിതാവ് ജോർജ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. താഴ്‌വരയിലെ ക്രിസ്ത്യാനികൾ അരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടം വീഴുന്നതിന് മുമ്പ് അസാദിനെ പിന്തുണച്ചവരാണിവർ. നിരവധി ക്രിസ്ത്യൻ സമൂഹങ്ങൾ സംരക്ഷണത്തിനായി അസദിനെ നോക്കി. അവർക്ക് അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നുന്നും ബി.ബി.സി ലേഖകൻ ചൂണ്ടിക്കാട്ടുന്നു.
വിസാം തന്റെ ഗ്രാമത്തെ പ്രതിരോധിക്കുന്ന അസദ് അനുകൂല മിലിഷ്യയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് ചില നാട്ടുകാർ പറയുന്നു. അതൊരു പ്രതികാര ആക്രമണമായിരുന്നോ അതോ വിഭാഗീയ കൊലപാതകമായിരുന്നോ എന്നതുറപ്പായിട്ടില്ല.
ഹോംസ് നഗരത്തിൽ, തട്ടിക്കൊണ്ടുപോകലുകളുടെയും വെടിവെപ്പുകളുടെയും റിപ്പോർട്ടുകൾ മിക്കവാറും എല്ലാ ദിവസവും വരുന്നു. അലവൈറ്റുകൾക്കെതിരെ മാരകമായ ആക്രമണങ്ങൾ ആണ് നടക്കുന്നത്. നിശബ്ദമായി നടക്കുന്ന കൊലപാതകങ്ങളിൽ വളരെ കുറച്ച് മാത്രമേ പുറംലോകം അറിയുന്നുള്ളൂവെന്നും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു.
സിറിയയുടെ പടിഞ്ഞാറൻ തീരമേഖലയായ ലതാകിയ, ടാർട്ടസ് പോലുള്ള നഗരങ്ങളിലാണ് അലവി വിഭാഗക്കാർ കൂടുതലായി താമസിക്കുന്നത്. അസദിന്റെ ഭരണത്തിൻ കീഴിൽ അലവി വിഭാഗക്കാർക്കു മുൻഗണന ലഭിച്ചിരുന്നു. എന്നാൽ, വിമതരായ എച്ച്.ടി.എസ് അധികാരം പിടിച്ചതോടെ അലവികൾ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി മാറി.
സിറിയൻ നഗരങ്ങളിൽ യുദ്ധത്തിന്റെ ധാരാളം പാടുകൾ ഉണ്ട്. തിരക്കേറിയ ചില തെരുവുകൾ അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. യുദ്ധത്തെ അതിജീവിച്ചെങ്കിലും ഇപ്പോൾ ഈ അരക്ഷിതാവസ്ഥയെ അതിജീവിക്കാനാവുമോ എന്ന കാര്യത്തിൽ സംശത്തിലാണ് അലവികളെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

