ഉപരോധങ്ങൾ നീങ്ങി; 15 വർഷത്തിന് ശേഷം രാജ്യത്തെ ആദ്യ വിസ കാർഡ് പേയ്‌മെന്റ് നടത്തി സിറിയൻ പ്രസിഡന്റ്
text_fieldsഡമസ്കസ്: വർഷങ്ങളായി നിലനിന്നിരുന്ന ഉപരോധങ്ങൾ നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ, 15 വർഷത്തിന് ശേഷം സിറിയയിൽ വിസ കാർഡ് പേയ്മെന്റ് ചെയ്ത് പ്രസിഡന്റ് അഹമദ് അശ്ശറാ. പുറത്ത് വന്ന വിഡിയോ ദൃശ്യങ്ങൾ പ്രകാരം സെൻട്രൽ ബാങ്ക് ഓഫ് സിറിയ ഗവർണർ സഫ്വത് റസ്‌ലാനൊപ്പം ഡമസ്കസിലെ റസ്റ്റാറന്റിൽ വെച്ചാണ് അശ്ശറാ വിസ കാർഡ് വഴി ഡിജിറ്റൽ പണം നൽകിയത്.
അന്താരാഷ്ട്ര സന്ദർശകർക്ക് സിറിയയിൽ തങ്ങളുടെ വിസ കാർഡുകൾ ഉപയോഗിക്കുന്നത് സാധ്യമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് തത്സമയ അന്താരാഷ്ട്ര കാർഡ് ഇടപാട് വിജയകരമായി പരീക്ഷിച്ചതായി ആഗോള ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ വിസ പ്രഖ്യാപിച്ചു.സെൻട്രൽ ബാങ്ക് ഓഫ് സിറിയ, ഫ്രാൻസബാങ്ക്, പെയ്‌മേര എന്നിവരുമായി സഹകരിച്ചാണ് ഈ ഇടപാട് പൂർത്തിയാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിനും ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി സിറിയയെ വീണ്ടും ബന്ധിപ്പിക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സുപ്രധാന നാഴികക്കല്ല് എന്ന് വിസ അറിയിച്ചു.
ഉപരോധങ്ങൾ നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനർനിർമിക്കുന്നതിനും അന്താരാഷ്ട്ര വിപണികളുമായി കൈകോർക്കുന്നതിനുമുള്ള പുതിയൊരു ഘട്ടത്തിലാണ് സിറിയ ഇപ്പോൾ എത്തിനിൽക്കുന്നത്. ബുധനാഴ്ച നടന്ന 63-ാമത് അന്താരാഷ്ട്ര വാണിജ്യ മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, ഉപരോധങ്ങൾ നീക്കിയതിനെ തുടർന്ന് സിറിയ പുനർനിർമ്മാണത്തിന്റെയും വികസനത്തിന്റെയും പുതിയൊരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് അശ്ശറാ വ്യക്തമാക്കി. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഒരു സാമ്പത്തിക കേന്ദ്രമായും വ്യാപാര ഇടനാഴിയായും മുൻകാലങ്ങളിലെ തന്റെ പങ്ക് വീണ്ടെടുക്കാൻ രാജ്യത്തിന് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ ഉപരോധ ഇളവ് വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട്, സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതായി യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 1979 മുതൽ ഈ കറുത്ത പട്ടികയിലായിരുന്നു സിറിയ ഉൾപ്പെട്ടിരുന്നത്.
ഈ ഭീകരവാദ പട്ടിക കാരണം സിറിയക്ക് വിദേശ സഹായങ്ങളും പ്രതിരോധ കയറ്റുമതിയും സാമ്പത്തിക ഇടപാടുകളും വലിയ തോതിൽ തടസ്സപ്പെട്ടിരുന്നു. ഉപരോധങ്ങളിൽ ഇളവുകൾ വന്നതിനുശേഷവും ഈ പട്ടികയിലുള്ള പേര് കാരണം ബാങ്കുകളും നിക്ഷേപകരും സിറിയയിൽ പണം മുടക്കാൻ മടിച്ചിരുന്നു. എന്നാൽ നിലവിലെ യു.എസ് നടപടിയോടെ രാജ്യത്ത് സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവാണ് ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

