സിറിയൻ തലസ്ഥാനമായ ഡമസ്കസ് വളഞ്ഞെന്ന് വിമതസേന; ബശ്ശാറുൽ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹം
text_fieldsഡമസ്കസ്: രക്തരൂഷിത ആഭ്യന്തര കലാപം തുടരുന്ന സിറിയയിൽ തലസ്ഥാനമായ ഡമസ്കസ് വളഞ്ഞെന്ന് വിമതസേന. മൂന്നു സുപ്രധാന നഗരങ്ങൾ വിമതസേന പിടിച്ചെടുത്തെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡമസ്കസിന്‍റെ സമീപത്തെ ഓരോ ഗ്രാമങ്ങളും നഗരങ്ങളും വിമതസേന പിടിച്ചെടുക്കുന്നതായാണ് യു.എസ് വക്താവിനെ ഉദ്ധരിച്ച് ബി.സി.സി റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഭരണസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വിമതസേന വ്യക്തമാക്കി.
അതേസമയം, തലസ്ഥാനമായ ഡമസ്കസിന് ചുറ്റും പ്രതിരോധ വലയം സൃഷ്ടിച്ചെന്നാണ് സർക്കാർ സേന അവകാശപ്പെടുന്നത്. എന്നാൽ, സർക്കാർ സൈന്യത്തിന്‍റെ സാന്നിധ്യം ഒരിടത്തും ദൃശ്യമല്ല.
അതിനിടെ, പ്രസിഡന്‍റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, അസദ് രാജ്യംവിട്ടില്ലെന്നും ഔദ്യോഗിക കൃത്യനിർവഹത്തിലാണെന്നും പ്രസിഡന്‍റിന്‍റെ കൊട്ടാരം അറിയിക്കുന്നത്.
എന്നാൽ, സർക്കാർ സൈനികർ അൽ ഖൈം അതിർത്തി വഴി ഇറാഖിലേക്ക് കടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 2000 സർക്കാർ സൈനികർ ഇറാഖ് അതിർത്തി കടന്നതായി അൽ ഖൈം മേയർ അറിയിച്ചത്.
സിറിയൻ വിഷയത്തിൽ ഇടപെടാനില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. സിറിയൻ സർക്കാറിന് എല്ലാ സഹായവും നൽകുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തര കലാപത്തിൽ കഴിഞ്ഞ 13 വർഷത്തിനിടെ അഞ്ച് ലക്ഷം പേരാണ് സിറിയയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 50 വർഷമായി പ്രസിഡന്‍റ് ബശ്ശാറുൽ അസദിന്‍റെ കുടുംബമാണ് സിറിയയിൽ ഭരണം നടത്തുന്നത്. 1971 മുതൽ 2000 വരെ ബശ്ശാറുൽ അസദിന്‍റെ പിതാവാണ് രാജ്യം ഭരിച്ചത്. തുടർന്ന് 2000 മുതൽ ബശ്ശാറുൽ അസദാണ് ഭരണത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

